ഓയൂർ : ചൂരൽമല ദുരന്തത്തിന് ശേഷം ആളുകൾ ആശങ്കയിലാണ്. സമാനമായ ഭൂപ്രകൃതിൽ താമസിക്കുന്നവരും പാറക്വാറികൾക്ക് സമീപം താമസിക്കുന്നവരുമാണ് നെഞ്ചിടിപ്പോടെ ദിവസങ്ങൾ മുന്നോട്ട് നീക്കുന്നത്. കുന്നുകൾക്ക് മുകളിൽ ജലബോംബുകളായി തീർന്നിരിക്കുന്ന നിരവധി ക്വാറികളുണ്ട്. അതിൽ കൊട്ടാരക്കര, ഇളമാട് വില്ലേജിൽ കാരാളികോണം വാർഡിൽ സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിൽ 15 ഏക്കറോളം വിസ്തൃതിയിൽ 250 അടി താഴ്ചയിൽ പാറ ഖനനം ചെയ്ത കുഴിയിൽ അപകട ഭീഷണിയായി വെള്ളം കെട്ടി നിൽക്കുകയാണ്. കൂടാതെ അതിന് താഴെയും മൂന്നുനാല് ഏക്കറുകളിൽ വീതം പാറ ഖനനം ചെയ്ത കുഴികളിൽ സമാന രീതിയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇതിന് അടിവാരത്താണ് ചെറിയവെളിനല്ലൂർ , കാരാളികോണം, അർക്കന്നൂർ വാർഡുകൾ സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ കുന്നുകൾ പുതിയ പുതിയ ക്വാറികൾക്ക് വേണ്ടി മണ്ണെടുത്ത് മാറ്റിയിരിക്കുകയാണ്. ഈ ജലാശയങ്ങൾ പൊട്ടിയേക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
അനധികൃത പാറ കടത്തൽ
ഈ ജലാ ശയങ്ങൾ പൊട്ടിയാൽ വലിയ ദുരന്തമാകും. ഇതിനെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യമന്ത്രിക്കും ജില്ലാ കളക്‌ടർ, സംസ്ഥാന ദുരന്തനി വാരണ അതോറിട്ടി തുടങ്ങിയവർക്ക് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും സാമുദായിക സംഘടനകളും പരാതി നൽകുന്നുണ്ട്.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പ്രവൃത്തി ദിവസങ്ങളിൽ മാത്രം ഖനനം നടത്തേണ്ട ഇടത്ത് മുഴുവൻ സമയവും ഇപ്പോൾ ഖനനം നടത്തുകയാണ്. ഇതിനെതിരെ അടിയന്തര നടപടിയുണ്ടാകണം.പ്രദേശവാസികൾ
കാരാളിക്കോളം