ഇരവിപുരം: ഉത്തർപ്രദേശിലെ മഥുരയിൽ വൃന്ദാവൻ ധാമിൽ സ്ഥിതി ചെയ്യുന്ന ദീൻദയാൽ ഉപാധ്യായ ഹിന്ദി വിദ്യാപീഠം എർപ്പെടുത്തിയ വിദ്യാവചസ്പതി സരസ്വതി സമ്മാൻ കൊല്ലം സ്വദേശിയായ സുബിക്കി വൈദ്യർക്ക് ലഭിച്ചു. ആയുർവേദ വൈദ്യശാസ്ത്രത്തിലും പഞ്ചകർമ്മ മേഖലയിലുമുള്ള ദേശീയ അന്തർദേശീയ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫസർ ഡോ. അരവിന്ദ് കുമാർ, മഥുരയിലെ വിദ്യാപീഠത്തിൽ വച്ച് സുബിക്കി വൈദ്യർക്ക് കൈമാറി. ഹിന്ദി എഴുത്ത്, വിദ്യാഭ്യാസ ഉന്നമനം, പരിസ്ഥിതി അവബോധം, വൈദ്യസേവനം, ജലസംരക്ഷണം എന്നീ മേഖലകളിലെ പ്രത്യേക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, എഴുത്തുകാർ, അദ്ധ്യാപകർ, സാഹിത്യകാരന്മാർ, വൈദ്യ പ്രമുഖർ, പരിസ്ഥിതി പ്രവർത്തകർ, മറ്റ് പണ്ഡിതന്മാർ എന്നിവർക്കാണ് ബഹുമതികൾ നൽകിയത്. മഹാരാഷ്ട്രയിലെ ഡോ. ശിവാജി രാംഭൗ ഷിൻഡെ, ഒറീസയിലെ ഡോ. ഹരി ഭായ് ആര്യൻ, ഛത്തീസ്ഗഡിലെ ഡോ. കുൽവന്ത് സിംഗ് സലൂജ, മദ്ധ്യപ്രദേശിലെ ഡോ. രാജു ഗജ്ഭിയെ, ഉത്തർപ്രദേശിലെ ഡോ. ജഗദീഷ് പിള്ള, ഡോ. എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.