കൊല്ലം: ഒന്നിച്ച് നേടിയ മൂന്ന് ബ്ലാക്ക് ബെൽറ്റുകളാൽ സുഭദ്രമാണ് കൊറ്റങ്കര മേക്കോൺ കോട്ടാച്ചിറ മാടൻകാവിന് സമീപത്തെ ശാസ്‌താലയം. എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്‌മാരക ചന്ദനത്തോപ്പ് 3569-ാം നമ്പർ ശാഖാ എക‌്‌സി. അംഗം രതീഷിന്റെ വീട്ടിലേക്കാണ് കരാട്ടെയിൽ മൂന്ന് ബിരുദങ്ങൾ ഒന്നിച്ചെത്തിയത്. മൂത്ത മകൻ പെരുമൺ എൻജിനിയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻസ് വിദ്യാർത്ഥി ആർ.അഭിഷേക്, ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസുകാരൻ ആർ.അഭിനവ്, അതേ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആർ.പ്രിയദർശനി എന്നിവരാണ് അപൂർവ നേട്ടം കൈവരിച്ചത്. മേക്കോൺ ഡോജോ കോം ക്ലബിൽ നിന്ന് മാസ്‌റ്റർമാരായ വിപിൻ ഫിലിപ്പ്, വികാസ് ഫിലിപ്പ് എന്നിവരുടെ ശിക്ഷണത്തിലാണ് സഹോദരങ്ങളുടെ നേട്ടം. എട്ട് വർഷത്തെ ശ്രമകരമായ പരിശീലനമാണ് നേട്ടത്തിന് പിന്നിലെന്ന് പിതാവ് രതീഷ് പറയുന്നു. കുടുംബനിയായ രമ്യ രാജൻ മക്കൾക്ക് പിന്തുണയായി ഒപ്പമുണ്ട്.