കൊല്ലം: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആവശ്യത്തിന് പാരാമെഡിക്കൽ ജീവനക്കാരും നൈറ്റ് ഡ്യൂട്ടിയിലുണ്ടെങ്കിലും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ധ്യമയങ്ങിയാൽ പ്രസവത്തിന്റേത് ഒഴികെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നില്ല.

അപകടങ്ങളിൽ പരിക്കേൽക്കുന്നവരെയും മറ്റ് അത്യാഹിതങ്ങൾ സംഭവിക്കുന്നവരെയും വിവിധ ആശുപത്രികളിൽ നിന്ന് റഫർ ചെയ്തും നേരിട്ടും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാൽ പ്രാഥമിക പരിശോധനകൾ നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണ് പതിവ്. ഇങ്ങനെ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള നിർണായക സമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് നഷ്ടമാവുകയാണ്.

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അംബുലൻസിൽ എത്താൻ ഒന്നര മണിക്കൂറിലേറെ വേണ്ടി വരും. സമീപത്തെ സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോകാൻ പണമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന രോഗികളിൽ പലരും യാത്രമദ്ധ്യേ മരണപ്പെടുന്നതായും പരാതിയുണ്ട്. രാത്രിയിൽ ഒരു അനസ്തേഷ്യസ്റ്റേ ഡ്യൂട്ടിയിൽ ഉണ്ടാകുള്ളു. അടിയന്തര പ്രസവ ശസ്ത്രക്രിയ വന്നാൽ മറ്റ് ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യസ്റ്റിന്റെ സേവനം ലഭിക്കില്ല.

സ്പെഷ്യലിസ്റ്റുകൾ കാഷ്വാലിറ്റിയിൽ

 സ്പെഷ്യലിസ്റ്റുകൾ രാത്രിയിൽ ഓപ്പറേഷൻ തീയേറ്ററിയിലേക്ക് പോയാൽ കാഷ്വാലിറ്റി സ്തംഭിക്കുമെന്ന് ന്യായം

 പി.ജി കോഴ്സ് ആരംഭിച്ചാൽ ഇവരുടെ സേവനം രാത്രികാലങ്ങളിലടക്കം പ്രയോജനപ്പെടുത്താം

 ഈ അദ്ധ്യയനവർഷം പി.ജി കോഴ്സിന് അപേക്ഷിച്ചെങ്കിലും അനുമതി ലഭിച്ചില്ല

നെറ്റ് ഡ്യൂട്ടിയിലുള്ള സ്പെഷ്യലിസ്റ്റുകൾ
 ഓർത്തോ സർജൻ  മെഡിസിൻ  പീഡിയാട്രീഷ്യൻ  ഗൈനക്കോളജിസ്റ്റ്  ഇ.എൻ.ടി  ഒഫ്താൽമോളജിസ്റ്റ്  ദന്തൽ സർജൻ  ഓറൽ മാക്സിലോ ഫേഷ്യൽ സർജൻ

രാത്രി ശസ്ത്രക്രിയ വേണ്ടവർ

 അപകടങ്ങളിൽ പരിക്കേൽക്കുന്നവർ

 മറ്റ് അത്യാഹിതങ്ങൾ സംഭവിക്കുന്നവർ
 അപ്പെന്റിസൈറ്റിസ്

 കുടൽ മുറിയൽ

ന്യൂറോ സർജൻ, കാർഡിയോ തൊറാസിക് സർജൻ എന്നിവരുടെ കൂടി സേവനം ഉണ്ടെങ്കിലേ നെഞ്ചിലും തലയ്ക്കുമൊക്കെ പരിക്കേറ്റ് എത്തുന്നവരെ ശസ്ത്രക്രിയ നടത്താനാകൂ.

പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ