photo
ആർട്ടിസ്റ്റ് രാജേന്ദ്രൻ സി.എസ്ന്റെ പ്രതിമ നിർമ്മാണത്തിൽ.

കരുനാഗപ്പള്ളി: നവോത്ഥാന നായകനും സാഹിത്യകാരനും കരുനാഗപ്പള്ളിയുടെ സമഗ്ര വികസനത്തിന്റെ ശില്പിയുമായ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം ജന്മനാട്ടിൽ നിർമ്മിക്കുന്ന അർദ്ധകായ പ്രതിമ കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ പൂർത്തിയാകുന്നു. കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് ഹൈസ്കൂൾ ഉൾപ്പെടെ 40 ഓളം വിദ്യാലയങ്ങൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ മുൻകൈയെടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു സി.എസ്.സുബ്രഹ്മണ്യൻപോറ്റി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടു നൽകിയതും ഇദ്ദേഹമായിരുന്നു. ഈ കാരണത്താലാണ് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനമായി മാറിയത്.

ഓർമ്മച്ചെപ്പിൽ

സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ പ്രതിമ നിർമ്മിക്കാൻ മുൻകൈ എടുത്തത് ടൗൺ എൽ. പി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മച്ചെപ്പാണ്. സ്കൂൾ എസ്.എം.സി ചെയർമാനായ പ്രവീൺ മനക്കൽ മുന്നോട്ട് വെച്ച നിർദ്ദേശം കരുനാഗപ്പള്ളി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും പൂർവവിദ്യാർത്ഥിയും സിനിമ സംവിധായകനുമായ റെജി ഫോട്ടോപാർക്ക് ഏറ്റെടുക്കുകയും സ്വന്തം ചെലവിൽ പ്രതിമ നിർമ്മിക്കാൻ തയ്യാറാവുകയുമായിരുന്നു. . പ്രമുഖ ശില്പിയും ചിത്രകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായ ആർട്ടിസ്റ്റ് സി. രാജേന്ദ്രനാണ് ശില്പം നിർമ്മിക്കുന്നത്. ശില്പത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് പ്രവീൺ മനയ്ക്കലും റെജിഫോട്ടോപാർക്കും ഹെഡ്മിസ്ട്രസ് കെ.ശ്രീകുമാരിയും പറഞ്ഞു.

10അടി ഉയരത്തിലാണ് നിർമ്മാണം. സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടേതായി അപൂർവം ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അവയെ അവലംബിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്.