ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഫലവൃക്ഷങ്ങളുടെ വിളവ്യാപന പദ്ധതിക്ക് ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ തുടക്കമായി.
തരിശ് കിടന്ന സ്ഥലം തരിശ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കുകയായിരുന്നു. മാവുകൾക്ക് ചുറ്റും ജൈവവേലിയൊരുക്കും. കൃഷിഭവനും കോളേജിലെ എൻ.എസ്.എസ് യൂണിറ്റും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവന് മാവിൻ തൈ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ് കുമാർ അദ്ധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുബി പരമേശ്വരൻ, വാർഡ് അംഗങ്ങളായ പി.സുചിത്ര, ഉളിയനാട് ജയൻ, മേരിറോസ്, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ ശ്രീനിവാസൻ, കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.അംജിത്ത്, കൃഷി ഓഫീസർ എസ്.ശിൽപ്പ, എസ്.എൻ ട്രസ്റ്റ് എക്സി. അംഗം പി.സുന്ദരൻ, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നിഷ സോമരാജൻ, ബി.ദിവ്യ, കൃഷി അസിസ്റ്റന്റ് ഡി.എസ്.വർഷ, എസ്.എച്ച്.എം ഫീൽഡ് അസിസ്റ്റന്റ് വി.ബിനോയി തുടങ്ങിയവർ സംസാരിച്ചു.
നട്ടത് 50 മാവിൻ തൈകൾ
കോളേജിലെ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 50 മാവിൻ തൈകളാണ് വച്ചുപിടിപ്പിച്ചത്. ചിറക്കരയുടെ തനത് മാവ് എന്നറിയപ്പെടുന്ന കർപ്പൂരം മാവ്, പാണ്ടി മാവ്, നെടുങ്ങോലം മാവ്, പോളച്ചിറ മാവ് എന്നിങ്ങനെ വിളിപ്പേരുള്ളവയുടെ ബഡ് മാവുകളാണ് നട്ടുപിടിപ്പിച്ചത്.