കൊല്ലം: നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ.എം.എം.എസ്.എസ്) 2025-26 വരെ തുടരുമെന്നും സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന ക്യാബിനറ്റ് കമ്മിറ്റി ഇതിനായി അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കെ.എൻ.ചൗധരി, എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഓരോ വർഷവും ഒൻപതാം ക്ലാസിലുള്ള 3473 വിദ്യാർത്ഥികൾക്ക് കേരളത്തിൽ നിന്ന് സ്‌കോളർഷിപ്പിന് അർഹതയുണ്ട്. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു. സ്‌കോളർഷിപ്പ് ലഭിച്ച കുട്ടി സാങ്കേതിക കാരണങ്ങളാൽ സ്‌കോളർഷിപ്പ് പുതുക്കാൻ കഴിയാതെ വന്നാൽ തുടർന്ന് പുതുക്കി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും അതിനാവശ്യമായ മാറ്റങ്ങൾ പോർട്ടലിൽ വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പോർട്ടലിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.