photo
കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടവും ചുറ്റുമതിലും

കൊട്ടാരക്കര: ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പുതിയ പ്രവേശന കവാടം ഒരുങ്ങുന്നു. കൊട്ടാരക്കര- ഓയൂർ റോഡിൽ സ്കൂൾ ഗ്രൗണ്ടിന് അഭിമുഖമായിട്ടാണ് പുതിയ പ്രവേശന കവാടം നിർമ്മിക്കുന്നത്. ഇവിടെ ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിച്ചുകൊണ്ട് പ്രവേശന കവാടവും തയ്യാറാക്കുകയാണ്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് റസ്റ്റ് ഹൗസ് ഭാഗത്തേക്കുള്ള റോഡിന്റെ വശത്തായിരുന്നു നേരത്തെ പ്രവേശന കവാടം. ഈ ഭാഗത്ത് മതിൽ തകർച്ചയിലാണ്. അതും പുനർനിർമ്മിക്കും. ഒപ്പം പഴയ പ്രവേശന കവാടം അടയ്ക്കാനാണ് തീരുമാനം. വ്യാപാരഭവന് അഭിമുഖമായുള്ള മറ്റൊരു പ്രവേശന കവാടം നിലനിർത്തും. ഇത് അടുത്തകാലത്ത് നിർമ്മിച്ചതാണ്.

ഭംഗി കൂട്ടും

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ഹൈടെക് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. മനോഹരമായ കെട്ടിടങ്ങളൊരുക്കിയപ്പോഴും ഇടിഞ്ഞുപൊളിഞ്ഞ മതിലുകളും മറ്റും ശോഭ കെടുത്തി. എന്നാൽ പുതിയ പ്രവേശന കവാടം നിർമ്മിക്കുന്നത് സ്കൂൾ കെട്ടിടങ്ങളുടെ ഭംഗി പുറമെ കാട്ടുന്നതിന് ഉതകുംവിധത്തിലാണ്. പ്രവേശന കവാടം കടന്നാൽ ഇടത് വലത് വശങ്ങളിലായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ക്രമീകരിക്കാനാകും.