അഞ്ചൽ: ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിനെതിരെ ചണ്ണപ്പേട്ട ജംഗ്ഷനിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്ത് ഉള്ളപ്പോഴും മന്ത്രി നിസംഗത പുലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും ഇടതുപക്ഷമാണ്. പഞ്ചായത്തും മാലിന്യ പ്ലാന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോപകുമാർ പറഞ്ഞു. അഡ്വ വയയ്ക്കൽ സോമൻ, പുത്തയം ബിജു, വിജയൻ, വിനോദ് കുമാർ, എസ്.ഷൈനി , ജി. രാജു, അരുൺ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.