കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം സെപ്തംബർ 9 ന് ആരംഭിക്കാൻ കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.

വന്ദനയോടൊപ്പം ജോലി ചെയ്തിരുന്ന കേസിലെ ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിനെ ആദ്യ ദിവസം വിസ്തരിക്കും. കേസിലെ ആദ്യ അൻപത് സാക്ഷികളെയാണ് ഒന്നാംഘട്ടത്തിൽ വിസ്തരിക്കുന്നത്. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായ കേസെന്ന പ്രത്യേകതയുമുണ്ട്. 34 ഡോക്ടർമാരാണ് സാക്ഷികളായിട്ടുള്ളത്. കൂടാതെ നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ ആരോഗ്യരംഗത്തെ നിരവധി പേർ പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടികയിലുണ്ട്.

പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് നിലവിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസിൽ പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.