തെന്മല : നടീലിന് ഒരുക്കിയ പാടം പോലെ കുഴഞ്ഞ പരുവത്തിൽ ഒരു റോഡ്. നടക്കാനോ വണ്ടിയിറക്കാനോ പറ്റാത്ത അവസ്ഥ. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന തെന്മല പഞ്ചായത്തിലെ ഒന്നാം വാ‌ർഡ് ചെറുകടവ് വാർഡിൽ വലിയകാവിൽ നിന്ന് ഓലപ്പാറയിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ. രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ ദുർഘട പാത. അലിമുക്ക് - അച്ഛൻ കോവിൽ റോഡിലേക്കും വലിയകാവ് ഗവ.സ്‌കൂളിലേക്കുമെത്താൻ.

ഈ കുടുംബങ്ങളിലുള്ള കുട്ടികൾ ഉൾപ്പടെ ഏകദേശം 400 പേരുടെ സഞ്ചാര സ്വാതന്ത്രമാണ് തടസപ്പെടുന്നത്. സ്‌കൂൾ കുട്ടികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്.

പരാതി നൽകി കുഴഞ്ഞ് നാട്ടുകാർ

ഒരു വശത്ത് വന്യ ജീവി ശല്ല്യം , മറുവശത്ത് സഞ്ചാര യോഗ്യമല്ലാത്ത റോഡ്. വന്യജീവികളെ കണ്ടാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്ത അവസ്ഥ.

റോഡ് കോൺക്രീറ്ര് ചെയ്‌തോ, ഉന്നതനിലവാരത്തിൽ ടാർ ചെയ്‌തോ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാ‌ർഡ് മെമ്പർ ഉൾപ്പടെ ജനപ്രതിനിധികൾക്കും ഉന്നത അധികാരികൾക്കും നിവേദനങ്ങൾ പലത് നൽകി കുഴഞ്ഞ മട്ടിലാണ് തദ്ദേശവാസികൾ.

പുറം ലോകവുമായി ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്ന ഈ പ്രദേശത്തുകാർക്ക്. ഏകദേശം 15 വർഷം മുമ്പ് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ റോഡാണ് നാളിതുവരെ ടാർ എന്തെന്ന് പോലും അറിയാത്ത അവസ്ഥയിലുള്ളത്. ഇവിടുത്തെ താമസക്കാരിൽ ഏറെയും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരാണ്. ആശുപത്രി ഉൾപ്പടെ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തേക്കെത്തിപ്പെടാൻ ഇവിടുത്തുകാർക്ക് മാർഗമില്ല. നിലവിൽ ഏകദേശം 2 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് പുറത്തേക്ക് പോകുന്നത്.

സന്തോഷ് മുള്ളുമല

എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം .

റോഡിന്റെ സിംഹഭാഗവും കടന്ന് പോകുന്നത് വനത്തിലൂടെയാണ്. അതിനാൽ ടാറിംഗിനും കോൺക്രീറ്റിംഗിനും തടസമുണ്ടായിരുന്നു. ഔദ്യോഗിക ഇടപെടലിലൂടെ ഇപ്പോൾ തടസം നീങ്ങി.ഈ ഭാഗം ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ 80 ലക്ഷത്തിന്റെ ആവശ്യമുണ്ട്.പുനലൂർ എം.എൽ.എയുടെ ഫണ്ടിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. വനാതിർത്തിക്ക് പുറത്തുള്ള റോഡിന്റെ രണ്ട് ഘട്ടങ്ങൾ നേരത്തെ 10 ലക്ഷം വീതം മുടക്കി പഞ്ചായത്ത് നവീകരിച്ചു.

സി.ചെല്ലപ്പൻ

വാർഡ് മെമ്പർ.