കരുനാഗപ്പള്ളി: പണി പൂർത്തിയായിട്ടും കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നീളുന്നതിനെതിരെ പ്രതിഷേധം ശക്തം. നിർമ്മാണം പൂർത്തിയായ റെയിൽവേ മേൽപ്പാലം എപ്പോൾ വേണമെങ്കിലും യാത്രക്കാർക്കായി തുറന്ന് നൽകാവുന്നതാണ്. ഒരാഴ്ചക്ക് മുമ്പ് പാലത്തിന്റെ ബലം പരിശോധിക്കുന്ന നടപടികളും പൂർത്തിയായി.
മാമൂട് ഗതാഗത സ്തംഭനം
മൂന്നരവർഷം മുമ്പാണ് മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അന്ന് മുതൽ ഇതുവഴിയുള്ള എല്ലാവിധ വാഹനയാത്രകളും നിരോധിച്ചിരിക്കുകയായിരുന്നു. ശാസ്താംകോട്ട് ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേക്കും തിരിച്ചും കെ.എസ്.ആർ.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്കു വശം മാമൂട് റെയിൽവേ ക്രോസ് വഴി വെളുത്തമണലിൽ എത്തിയാണ് കടന്ന് പോകുന്നത്. ട്രെയിൻ കടന്ന് പോകുന്ന. അവസരങ്ങളിൽ മാമൂട് റെയിൽവേ ക്രോസിൽ ഗതാഗത സ്തംഭനം ഉണ്ടാകുന്നത് പതിവാണ്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ 52 ട്രെയിനുകൾക്കാണ് സ്റ്റോപ്പ് ഉള്ളത്. മാളിയേയ്ക്കൽ റെയിൽവേ മേൽപ്പാലം തുറന്ന് കൊടുത്താൽ നിലവിലുള്ള ദുരിതങ്ങൾക്ക് പരിഹാരമാകും.
വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ മേൽപ്പാലം എത്രയും വേഗം നാടിന് തുറന്ന് നൽകണം.
നാട്ടുകാർ
മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നു നൽകണം. പാലം പൊതുജനങ്ങൾക്ക് സഞ്ചാരത്തിന് തുടർന്നു കൊടുക്കുന്നതു സംബന്ധിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷിന് തീയതിയും സമയവും നിശ്ചയിച്ച് അറിയിപ്പ് നൽകിയിരുന്നു.എന്നാൽ അത് പിന്നീട് മാറ്റി. പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിമാരുടെ അസൗകര്യത്തെ തുടർന്ന് പാലം തുറന്ന് കൊടുക്കാത്തത് കടുത്ത വഞ്ചനയാണ്. പാലം ഗതാഗതത്തിന് തുറന്നു നൽകണം. അല്ലാത്തപക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് പാലത്തിൽ കൂടി യാത്ര ആരംഭിക്കുവാൻ കോൺഗ്രസ് മുൻകൈ എടുക്കും. അഡ്വ.കെ എ.ജവാദ് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്