കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിച്ച ദിവസം കടലിൽ പോയ ബോട്ടുകളിൽ വലിയൊരു വിഭാഗം കയറ്റുമതി ഇനമായ പേക്കണവയുമായി ശക്തികുളങ്ങരയിൽ കൂട്ടത്തോടെ മടങ്ങിയെത്തി. കണവ തുടർച്ചയായി എത്തിയതോടെ വില കിലോയ്ക്ക് നേരത്തെ ലഭിച്ചിരുന്ന 450 രൂപയിൽ നിന്ന് 325ലേക്ക് ഇന്നലെ ഇടിഞ്ഞു.
തീരത്ത് നിന്ന് 25 മുതൽ 30 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ തമ്പടിച്ച് വലവിരിച്ചാണ് ട്രോളിംഗ് ബോട്ടുകൾ പേക്കണവ പിടിച്ചത്. ഒപ്പം ചെറിയ അളവിൽ കിളിമീനും ഉലുവ മീനും ഇതേ ബോട്ടുകൾക്ക് ലഭിച്ചു. കൊല്ലം, കൊച്ചി, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മത്സ്യസംസ്കരണ യൂണിറ്റുകളാണ് പേക്കണവ കൂട്ടത്തോടെ വാങ്ങിയത്. ഇവർ സംസ്കരിച്ച് അമേരിക്ക, സ്പെയിൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റിയയ്ക്കുന്നത്. ചിലർ കടലിൽ വച്ച് തന്നെ വില ഉറപ്പിച്ചിരുന്നു. ഇന്നലെ മടങ്ങിയെത്തിയ ബോട്ടുകൾ രണ്ട് ദിവസത്തിനകം വീണ്ടും കണവയ്ക്കായി കടലിലേക്ക് പോകും.
കണവ ബോട്ടുകൾ
ശരാശരി വരുമാനം ₹ 5 ലക്ഷം
ചെലവ് ₹ 4.50 ലക്ഷം
കടലിൽ കിടന്നത് - 6 ദിവസം
പേക്കണവ വലിയളവിൽ ഭൂരിഭാഗം ബോട്ടുകൾക്കും ലഭിച്ചെങ്കിലും വിലയിടിഞ്ഞത് തിരിച്ചടിയാണ്. ബോട്ടുകൾ പല ദിവസങ്ങളിലായി മടങ്ങിയെത്തിയാലേ കാര്യമായ വില ലഭിക്കൂ.
പീറ്റർ മത്യാസ്, ബോട്ടുടമ