കൊല്ലം: റോഡ് അപകടങ്ങളിലടക്കം അത്യാഹിതത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 40 കോടി ചെലവിൽ ഹൈടെക് സൗകര്യങ്ങളോടെ ട്രോമാ കെയർ സെന്റർ വൈകാതെ നിർമ്മിക്കും.

ലോക ബാങ്ക് സഹായത്തോടെയുള്ള പദ്ധതി ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. കാഷ്വാലിറ്റിക്ക് സമീപം മൂന്ന് നിലകളുള്ള കെട്ടിടമാണ് ലക്ഷ്യമിടുന്നത്. താഴത്തെ നിലയിൽ ട്രോമാ കെയർ കാഷ്വാലിറ്റി പ്രവർത്തിക്കും. രണ്ടാമത്തെ നിലയിൽ ഐ.സി.യുവും മൂന്നാമത്തെ നിലയിൽ ഓപ്പറേഷൻ തീയേറ്ററുകളും പ്രവർത്തിക്കും.

ഈ കെട്ടിടങ്ങളിൽ തന്നെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്രീവ് ഐ.സി.യു, ലാബ് തുടങ്ങിയവയും പ്രവർത്തിക്കും. കെട്ടിടം പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാർ സ്പെഷ്യലിസ്റ്റുകൾ അടക്കമുള്ള ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിക്കണം.

പത്തുനിലകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

 എട്ട് നിലകളിൽ സൂപ്പർ സ്പെഷ്യാലിറ്റി

 മുകളിലെ രണ്ട് നിലകളിൽ ഇൻഫീക്ഷ്യസ് ഡിസീസ് ബ്ലോക്ക്
 രൂപരേഖ തയ്യാറാക്കാൻ സൂപ്രണ്ടിന് നിർദ്ദേശം

.................

ആറ് മാസത്തിനകം ക്രിട്ടിക്കൽ കെയർ യൂണിറ്റ്

മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണം 35 ശതമാനം പിന്നിട്ടു. വരുന്ന മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം കൈമാറും. തുടർന്ന് സംസ്ഥാന സർക്കാർ സ്പെഷ്യലിസ്റ്റുകളുടെ അടക്കം തസ്തിക സൃഷ്ടിച്ചാലെ കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയൂ.

കാഷ്വാലിറ്റിയോട് ചേർന്നാണ് 23.75 കോടി ചെലവിൽ ഗ്രൗണ്ട് ഫ്ലോറിന് പുറമേ രണ്ട് നിലകൾ കൂടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത്. പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനിൽ നിന്നാണ് ഫണ്ട്.

കിടക്കകൾ - 50

വിസ്തീർണം - 4250 ചതുരശ്ര മീറ്റർ

ചെലവ് ₹ 23.75 കോടി

വിസ്തീർണം - 4250 ചതുരശ്ര മീറ്റർ

ട്രോമാ കെയർ സെന്ററിന്റെ രൂപരേഖ ഭരണാനുമതിക്കായി സമർപ്പിച്ചു. ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണം 35 ശതമാനം പിന്നിട്ടു.

ഡോ. ബി.പദ്മകുമാർ

പ്രിൻസിപ്പൽ, പാരിപ്പള്ളി മെഡിക്കൽ കോളേജ്