കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്തുവർഷം കഠിനതടവും 50000 രൂപ പിഴയും. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്‌മയെയാണ് (25) കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള പത്ത് വർഷം കഠിനതടവിനും പിഴയ്ക്കും പുറമേ ജുവൈനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പ് 75 പ്രകാരം ഒരു വർഷം കഠിനതടവ് കൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. റിമാൻഡിൽ കഴിഞ്ഞ മൂന്ന് മാസം ശിക്ഷാ കാലാവധിയിൽ ഇളവ് ചെയ്തു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ വൈകാതെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും.

കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്‌തരിച്ചു. 66 രേഖകൾ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും അമ്മായിഅമ്മ ഗിരിജകുമാരിയും അയൽക്കാരായ സാക്ഷികളും വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്ക് കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷിയായ പ്രതിയുടെ ഭർത്താവ് വിഷ്‌ണു കോടതിയിൽ പ്രതിഭാഗം സാക്ഷിയായി ഹാജരായി.

പാരിപ്പള്ളി സി.ഐമാരായിരുന്ന എ.അൽജബർ, ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കൽ, അഡ്വ. ഡി.ഷൈൻ ദേവ് എന്നിവർ ഹാജരായി.

കേസ് നാൾവഴി
 വിഷ്ണു - രേഷ്മ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു മകൾ
 ഒരു കുട്ടികൂടി ഉണ്ടായാൽ സ്വീകരിക്കില്ലെന്ന് രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ
 രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ മറച്ചുവച്ചു
 2021 ജനുവരി 4ന് രാത്രി 9ന് കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ചു
 പൊക്കിൾക്കൊടി മുറിച്ചുമാറ്റാതെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചു
 രാവിലെ രേഷ്മയുടെ അമ്മ കുഞ്ഞിനെ കണ്ടെത്തി
 തിരുവനന്തപുരം എസ്.എ.ടിയിൽ വച്ച് അന്ന് വൈകിട്ട് കുഞ്ഞ് മരിച്ചു
 ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്ന് രേഷ്മ
 പിന്നാലെ ഭർത്തൃ സഹോദരന്റെ ഭാര്യയും സഹോദരിപുത്രിയും ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു
 ഫേസ് ബുക്കിൽ രേഷ്മയോട് ചാറ്റ് ചെയ്തത് ഇവർ