എഴുകോൺ : വിതച്ച വിത്ത് കിളിർക്കാതെ പ്രതിസന്ധിയിലായ കരീപ്ര പാട്ടുപുരയ്ക്കൽ ഏലായിൽ വീണ്ടും കൃഷിയിറക്കി. ഇക്കുറി കരയിൽ ഞാറ്റടി ഒരുക്കി കിളിർപ്പിച്ച ഞാറ് പറിച്ചു നടുകയാണ് കർഷകർ. ജൂൺ 16 നാണ് ആദ്യം വിതച്ചത്. കരീപ്ര കൃഷി ഭവൻ വഴി കരമന വിത്തുത്പ്പാദന കേന്ദ്രത്തിൽ നിന്നുള്ള 1200 കിലോ വിത്താണ് നൽകിയത്. വിത്ത് മുളപ്പിച്ച് ഗുണനിലവാരം ഉറപ്പാക്കിയിരുന്നതായാണ് കൃഷി അധികൃതർ പറയുന്നത്. 16 ഹെക്ടറിൽ വിത്തിട്ടത് കൂടാതെ മൂന്നര ഹെക്ടറിന് ഞാറ്റടിയും ഒരുക്കിയിരുന്നു. രണ്ടും ഭാഗികമായാണ് കിളിർത്തത്.
രണ്ടാമത് 400 കിലോ വിത്ത് മാറ്റി നൽകിയെങ്കിലും ഇതും കിളിച്ചില്ലെന്ന് കർഷകർ പറഞ്ഞു.
ഞാറ്റടിയൊരുക്കാൻ ഉണ്ണാൻ വച്ച നെല്ല്
ആദ്യ വിത പാഴായതോടെ വീണ്ടും കൃഷിയിറക്കാൻ കർഷകർ ഓണം ഉണ്ണാൻ കരുതിയിരുന്ന നെല്ലെടുത്താണ് ഞാറ്റടി ഒരുക്കിയത്. ഉമയാണ് വിത്തിനം. ഇതിന് പുറമേ ഞവര, ജ്യോതി തുടങ്ങിയ വിത്തിനങ്ങൾ വാങ്ങിയും കൃഷിയിറക്കി.
രണ്ട് പൂവിലും കൃഷി
വിരിപ്പൂവും മുണ്ടകനുമായി രണ്ട് കൃഷിയാണിവിടെ. ജില്ലയിൽ അപൂർവമാണ് രണ്ട് പൂവിലെ കൃഷി. ജലലഭ്യത ഉറപ്പാക്കിയാൽ മൂന്നാം പൂവായ പുഞ്ച കൃഷിക്കും പാട്ടുപുരയ്ക്കലെ കർഷകർ തയ്യാറാണ്.
പ്രതിസന്ധിയിലും തളരില്ല
വിത്ത് മുളയ്ക്കാതെ വീണ്ടും കൃഷിയിറക്കിയത് ചെലവ് കൂട്ടും. വീണ്ടും ആദ്യം മുതൽ നിലമൊരുക്കുന്നതും നടീലും കൃഷിക്കാരുടെ കീശ കാലിയാക്കുന്നതാണ്. കഴിഞ്ഞ പൂവിൽ വരൾച്ച വൻ നഷ്ടം വരുത്തിയിരുന്നു. കിട്ടിയ നെല്ല് സിവിൽ സപ്ലൈസിന് നൽകുകയും ചെയ്തു.ഏത് പ്രതിസന്ധിയിലും നെൽകൃഷി കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ് ഏലാ സമിതി പ്രസിഡന്റ് സി. വിജയകുമാറും സെക്രട്ടറി ബി ചന്ദ്രശേഖരൻ പിള്ളയും.