ulakodu
കുടവട്ടൂർ ഉളകോട് പാറ ക്വാറി.

എഴുകോൺ: കുടവട്ടൂർ ഉളകോട് പാറക്വാറിയിൽ പുതുച്ചേരി വിളൈനൂർ റെയിൻബോ നഗറിൽ ഇമ്മാനുവൽ ഡാനിയൽ മുങ്ങി മരിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇമ്മാനുവലിനൊപ്പം ക്വാറിയിൽ മുങ്ങിയ കരകുളം സ്വദേശി ഹേമന്ദിനെ നാട്ടുകാർ രക്ഷിച്ചിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിൽ നിന്ന് ഉളകോട്ടെ ക്വാറി പ്രദേശത്തേക്കുള്ള സംഘത്തിന്റെ വരവാണ് ചോദ്യങ്ങളുയർത്തുന്നത്. ഗുജറാത്ത്, കേരളം (തൃശൂർ), പശ്ചിമബംഗാൾ (കൊൽക്കത്ത) സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികൾ. ഇമ്മാനുവലിനും ഹേമന്ദിനും പുറമെയുണ്ടായിരുന്ന പുരുഷന്മാർ ബംഗളൂരു, കോട്ടയം എന്നിവിടങ്ങളിൽ ഉള്ളവരാണ്. ഇവർ പരസ്പരം പരിചയപ്പെടുന്നത് യാത്രയ്ക്ക് തൊട്ടുമുമ്പുള്ള രാത്രിയിലാണെന്നാണ് പൊലീസിന് നൽകിയ മൊഴി. വർക്കലയിൽ ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ഒരുമിച്ച് യാത്ര ചെയ്യാൻ തീരുമാനിക്കുകയും ഹേമന്ദിന്റെ നിർദ്ദേശ പ്രകാരം ഉളകോട്ടേക്ക് എത്തുകയുമായിരുന്നു.

മുങ്ങി മരിച്ച നിലയിൽ സ്കൂബ ടീം പുറത്തെടുത്ത ഇമ്മാനുവലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ഒപ്പം പോകാൻ സംഘാംഗങ്ങൾ ആദ്യം വിസമ്മതിച്ചിരുന്നു. പിന്നീട് രണ്ട് പെൺകുട്ടികൾ ഒപ്പം പോവുകയായിരുന്നു.

സംഘാംഗമായ ഹേമന്ദ് (34) വീഡിയോ കണ്ടന്റ് മേക്കറാണ്. ഇതര സംസ്ഥാന പെൺകുട്ടികളെ ഉപയോഗിച്ച് നിയമവിരുദ്ധ വീഡിയോകളുടെയോ അശ്ലീല ചുവയുള്ള റീൽസുകളുടെയോ ചിത്രീകരണം ലക്ഷ്യമിട്ടിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്. ഇയാൾ മുമ്പും ഇവിടെ വന്നിട്ടുള്ളതായി പറയുന്നുണ്ട്.

ക്വാറിയിലേക്ക് ഇറങ്ങുന്നത് തടഞ്ഞ് നിരോധനം പുറപ്പെടുവിക്കും. സുരക്ഷാ ഗേറ്റുകളും അപകട സൂചക ബോർഡുകളും സ്ഥാപിക്കും.

എസ്. എസ്.സുവിധ,

കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്