പടിഞ്ഞാറെ കല്ലട: തകർന്നു വീഴാവുന്ന പ്ളാസ്റ്റിക് കൂരയിൽ ദുരിത ജീവിതം പങ്കിടുകയാണ് രണ്ട് വൃദ്ധ സഹോദരങ്ങൾ. ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നയാളും. സർക്കാർ ഭവന പദ്ധതി പ്രകാരം വീടിനായി ലഭിച്ച ആദ്യ ഗഡു തുകയുമായി കരാറുകാരൻ മുങ്ങിയതോടെയാണ് വീടെന്ന പ്രതീക്ഷയും ഇല്ലാതായത്. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം പതീത്തോപ്പിൽ വീട്ടിലായിരുന്നു ബാലകൃഷ്ണനും(60) മാനസിക വെല്ലുവിളി നേരിടുന്ന സഹോദരൻ ബാബുവും ( (55)താമസിച്ചിരുന്നത്. ഇവരെ കൂടാതെ സഹോദരങ്ങളായ ഭവാനിയും സദാനന്ദനും ഈ വീട്ടിലായിരുന്നു താമസം.ഏതാനും വർഷം മുമ്പ് കടന്നൽകുത്തേറ്റ് സഹോദരി മരണപ്പെട്ടു. നിത്യ രോഗിയായ സദാനന്ദൻ മാസങ്ങൾക്ക് മുമ്പ് മരിച്ചു. ബാലകൃഷ്ണൻ കൂലിവേല ചെയ്തു കൊണ്ടുവരുന്ന പണം കൊണ്ടാണ് ഇരുവരും കഴിയുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇവരുടെ കുരയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ ബാബു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പണം കൈക്കലാക്കി കരാറുകാരൻ മുങ്ങി
സർക്കാരിൽ നിന്ന് പുതിയ വീടിനായുള്ള ആദ്യ ഗഡു ലഭിച്ചതോടെ താമസിച്ചിരുന്ന വീട് ഇവർ രണ്ടുപേരും ചേർന്ന് പൊളിച്ചുമാറ്റി. അവിടെത്തന്നെ സുരക്ഷിതമല്ലാത്ത ചതുപ്പ് സ്ഥലത്ത് ടാർപ്പാ വലിച്ച് കെട്ടിയ കൂരയ്ക്ക് കീഴിലാണ് ഇപ്പോൾതാമസിക്കുന്നത്. വീട് പണിയാൻ പല കരാറുകാരെയും ബാലകൃഷ്ണൻ സമീപിച്ചെങ്കിലും 8 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് പലരും പറഞ്ഞത്. പിന്നീട് ഒന്നരലക്ഷം രൂപ കൊടുത്താൽ വീട് കട്ട കെട്ടിവാർത്ത് താമസിക്കുവാൻ പറ്റും വിധം ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് ഒരു കരാറുകാരൻ വന്നു. ആ വാക്കിൽ വിശ്വസിച്ച സഹോദരങ്ങൾ ആദ്യ ഗഡുമായി കിട്ടിയ 40000 രൂപയും വൈദ്യുതി മീറ്റർ മാറ്റിവയ്ക്കുന്നതിലേക്കുള്ള 3500 രൂപയും കരാറുകാരന് കൊടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും കരാറുകാരന്റെ വിവരമില്ലാതായതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവരറിയുന്നത്.
സുമനസുകൾ സഹായിച്ചാൽ
ഇഴജന്തുക്കളുടെ കടിയേൽക്കാതെ സ്വസ്ഥമായി ഉറങ്ങാനൊരിടം വേണമെന്ന ആഗ്രഹമുണ്ടെങ്കിലും സ്വപ്നം കാണാനുള്ള വക പോലുമില്ലാതെ വിഷമിക്കുകയാണ് ഈ വൃദ്ധ സഹോദരങ്ങൾ. സുമനസുകൾ ചേർത്തുപിടിച്ചാൽ ഈ ദുരിതജീവിതത്തിന് അറുതിയായേക്കും. ബാങ്ക് അക്കൗണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ശാസ്താംകോട്ട ബ്രാഞ്ച്,അക്കൗണ്ട് നമ്പർ: 36814240613 ഐ.എഫ്.എസ്.സി കോഡ് SBIN0070450
ബാലകൃഷ്ണൻ: 7025546363 .