കൊല്ലം: കേരളത്തിലെ കശുഅണ്ടി തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 15,000 രൂപയിൽ കുറയാതെ ബോണസ് അഡ്വാൻസും മൂന്ന് ദിവസത്തെ ഒഴിവ് ശമ്പളവും രണ്ടായിരം രൂപ തിരിച്ചുപിടിക്കുന്ന അഡ്വാൻസും ബോണസ് ഇരുപത്തിരണ്ട് ശതമാനവും മൂന്ന് ശതമാനം എക്സ‌്‌ഗ്രേഷ്യയും നൽകണമെന്ന് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
അടഞ്ഞുകിടക്കുന്ന ഫാക്‌ടറി തൊഴിലാളികൾക്ക് 5000 രൂപ സമാശ്വാസം നൽകുക, ശമ്പള വർദ്ധന മുൻകാല പ്രാബ്യലത്തോടെ നടപ്പാക്കുക, കാഷ്യു കോർപ്പറേഷൻ കാപ്പെക്‌സ് ജീവനക്കാരുടെ ഉയർന്ന ബോണസ് പരിധി എടുത്തുകളയുക, ഐ.ആർ.സി നിബന്ധനകൾക്ക് വിധേയമായി ബോണസ് നൽകുക, അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കുക. ജീവനക്കാർക്ക് നാല് മാസത്തെയും 10 ദിവസത്തെയും ശമ്പളം ബോണസായി നൽകുക, കുറഞ്ഞ ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും എം.പി ആവശ്യപ്പെട്ടു.