അഞ്ചാലുംമൂട്: യാത്രക്കാരുടെ നടുവൊടിച്ച് കടവൂർ ബൈപ്പാസ് ജംഗ്ഷനിലെ താത്കാലിക റോഡ്. റോഡ് കുഴിയായതിനെ തുടർന്ന് കഴിഞ്ഞ മാസം ടാർ ചെയ്തിരുന്നു. ഈ റോഡാണ് വീണ്ടും തകർന്നത്.
ബൈപ്പാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള റോഡിന്റെ മദ്ധ്യഭാഗം നിർമ്മാണ കമ്പനി അടച്ചിരുന്നു. ഇതേ തുടർന്നാണ് അഞ്ചാലുംമൂട്ടിൽ നിന്ന് കല്ലുംതാഴത്തേക്ക് വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിന് താത്കാലിക റോഡ് നിർമ്മിച്ചത്.
റോഡിന് വീതിയും കുറവാണ്. നിലവിൽ ടാർ ഇളകി റോഡിൽ മെറ്റിൽ നിറഞ്ഞു. ഈ മെറ്റിലുകളിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണുള്ളത്. സി.കെ.പി.യിലെ കുടുംബാരോഗ്യകേന്ദ്രം, അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തെ ആശുപത്രികളിലേക്കും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും രോഗികളുമായി പോകുന്ന ആംബുലൻസുകൾക്കും ഇതേ വഴിയാണ് ആശ്രയം.
ഒറ്റക്കല്ലിൽ നിന്ന് കടവൂർ ജംഗ്ഷനിലെത്താൻ സാധാരണ അഞ്ച് മിനിട്ട് മതി. എന്നാലിപ്പോൾ പത്ത് മിനിറ്റിലേറെ സമയമെടുക്കുന്ന സ്ഥിതിയാണ്.
രാവിലെയും വൈകിട്ടും സ്‌കൂൾ സമയങ്ങളിലാണ് തിരക്ക് ഏറെയും അനുഭവപ്പെടുന്നത്. ഇതുവഴിയുള്ള കാൽ നട യാത്രയും തീർത്തും ദുഷ്‌ക്കരമാണ്.
ഇരുട്ടിൽ അപകട സാദ്ധ്യത
കടവൂർ ബൈപ്പാസ് ജംഗ്ഷനിൽ സന്ധ്യമയങ്ങിയാൽ വെളിച്ചമില്ല
വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളുടെ വെളിച്ചമാണ് ആശ്രയം
രാത്രിയിൽ റോഡ് മുറിച്ച് കടക്കുന്നത് ജീവൻ പണയംവച്ച്
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റ് നീക്കി
ബസുകൾക്ക് സമയം പാലിക്കാനാകുന്നില്ല
റോഡിന്റെ തകർച്ചയും വീതികുറവും മൂലം ഈ റൂട്ടിലെ സ്വകാര്യ ബസുകൾക്ക് സമയം പാലിക്കാനാകുന്നില്ല. ഒരു ബസിന് രണ്ട് മുതൽ മൂന്ന് മിനിട്ട് വരെയാണ് മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഒറ്റക്കൽ ജംഗ്ഷൻ കടന്ന് കടവൂർ ജംഗ്ഷൻ എത്തുമ്പോഴേക്ക് പിന്നാലെയുള്ള ബസുകളും എത്തും. ഇതുമൂലം യാത്രക്കാരെ കയറ്റാനാകാതെ അടുത്ത സ്റ്റോപ്പിലേക്ക് പോകേണ്ട അവസ്ഥയാണ്. സമയം പാലിക്കാൻ പലപ്പോഴും അമിതവേഗത്തിൽ പോകേണ്ട സാഹചര്യമുണ്ട്.
റോഡിൽ താത്കാലിക വെളിച്ച സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം നിർമ്മാണ കമ്പനി പാലിക്കുന്നില്ല.
യാത്രക്കാർ