കല്ലട ഇറിഗേഷൻെറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തെന്മല പൊലിസ് സ്റ്റേഷൻ
പുനലൂർ: തെന്മല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തെന്മല ടൗണിൽ തന്നെ പൊലീസ് സ്റ്റേഷൻ പണിയാൻ ഒരു ഏക്കർ ഭൂമി അളന്ന് തിരിച്ചിട്ടിട്ടുമുണ്ട്. അടിയന്തിരമായി സ്റ്റേഷൻ മന്ദിരം നിർമ്മിക്കണമെന്ന് പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിലും ആവശ്യം ഉയർന്നു.
നിർമ്മാണം മുടക്കി അവകാശ തർക്കം
കാലപ്പഴക്കത്തെ തുടർന്ന് ജീർണിച്ച പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാൻ 4 വർഷം മുമ്പാണ് ഭൂമി കണ്ടെത്തി അളന്ന് കല്ലിട്ടത്.
വനം , റവന്യൂ വകുപ്പുകൾ തമ്മിലുള്ള അവകാശ തർക്കങ്ങളെ തുടർന്ന് കെട്ടിട നിർമ്മാണം അനന്തമായി നീണ്ടുപോകുകയാണ്.
ഇപ്പോൾ ഡാം ജംഗ്ഷനിലെ കല്ലട ഇറിഗേഷന്റെ കെട്ടിടത്തിലാണ് തെന്മല പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ഇവിടെ വാഹന സൗകര്യം കുറവും ടെലിഫോണുകൾക്ക് വേണ്ടത്ര കവറേജും ലഭിക്കാത്തത് സ്റ്റേഷനിൽ പരാതിയും മറ്റുമായി എത്തുന്നവർക്ക് ബുദ്ധിമുട്ടാവുകയാണ്.