കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് അനുയോജ്യമായ സ്ഥലത്ത് സ്ഥാപക പ്രസിഡന്റ് മന്നത്ത് പത്മനാഭൻ, ബോർഡ് സ്ഥാപക അംഗങ്ങളായ ആർ.ശങ്കർ, ആർ.ശങ്കരനാരായണ അയ്യർ എന്നിവരുടെ പ്രതിമ സ്ഥാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ഷാജിശർമ്മ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ കൊല്ലം ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോർഡിന്റെ 75-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1949 ആഗസ്റ്റ് മുതൽ 1950 മേയ് വരെയുള്ള ആദ്യ ബോർഡിന്റെ നേതൃത്വത്തിൽ മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു. അക്കാലത്താണ് നന്തൻകോട്ട് ബോർഡിന്റെ ആസ്ഥാന മന്ദിരം ഉയർന്നത്. ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാകാൻ മൂന്ന് സ്ഥാപക അംഗങ്ങളുടെയും പ്രതിമ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇതിനുള്ള സ്ഥലം എത്രയും വേഗം കണ്ടെത്തണമെന്നും ഷാജി ശർമ്മ ആവശ്യപ്പെട്ടു. ആനന്ദവല്ലീശ്വരം ദേവസ്വം സദ്യാലയത്തിൽ നടന്ന സമ്മേളനത്തിൽ ആർ.ശങ്കർ, മന്നത്ത് പത്മനാഭൻ, ആർ.ശങ്കരനാരായണ അയ്യർ എന്നിവരുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

സി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. കോൺഫെഡറേഷൻ ഗ്രൂപ്പ് സെക്രട്ടറി പി.രാജു, ഡി.സതീഷ് കുമാർ, ഡി.മോഹനൻ, എസ്.ഈശ്വരൻ പോറ്റി, ശശിധരൻ നായർ, ഉദയൻ മുഖത്തല, ആർ.ഷിബു തുടങ്ങിയവർ സംസാരിച്ചു.