കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസിൽ വാദം 22ലേക്ക് മാറ്റി. യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ബാധമാകുന്നതുമായി ബന്ധപ്പെട്ട ഫയലുകളിലെ തീയതികളിൽ പ്രതിഭാഗം അഭിഭാഷകൻ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വാദം മാറ്റിയത്. കേസിൽ യു.എ.പി.എ ബാധകമാണെന്ന പ്രോസിക്യൂഷൻ വാദം മുമ്പ് പ്രതിഭാഗം എതിർത്തിരുന്നു. വിചാരണ അന്തിമഘട്ടത്തിലാണ്.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജി.ഗോപകുമാറാണ് വാദം കേൾക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുന്നിൽ 2016 ജൂണിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീട് മാപ്പ് സാക്ഷിയാക്കി വിസ്തരിച്ചിരുന്നു.