കൊല്ലം: രാമൻകുളങ്ങരയിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീണ യാത്രക്കാരന്റെ കാലിലൂടെ അതേ ബസിന്റെ ചക്രം കയറിയിറങ്ങി. രാമൻകുളങ്ങര കൊച്ചുനട സ്വദേശി മോഹനൻ പിള്ളയ്ക്കാണ് (63) സാരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 8.45നായിരുന്നു അപകടം. വടയാറ്റുകോട്ടയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ മോഹനൻ പിള്ള ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ചവറയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു യാത്ര ചെയ്തത്. രാമൻകുളങ്ങര ജംഗ്ഷനിൽ ബസ് നിറുത്തി ഡോർ തുറന്ന് ഇറങ്ങുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് മോഹനൻ പിള്ളയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശക്തികുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു.