111

കൊല്ലം: തരിശുനിലങ്ങളെ വിളനിലങ്ങളാക്കാൻ നവോത്ഥാൻ പദ്ധതിയുമായി കൃഷി വകുപ്പ്. ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലും വ്യക്തികളുടെ ഉടമസ്ഥതയിലുമുള്ള തരിശുഭൂമി പാട്ടത്തിനെടുത്താണ് നവോത്ഥാൻ (ന്യൂ അഗ്രിക്കൾച്ചറൽ വെൽത്ത് ഓപ്പർച്ച്യൂനിട്ടീസ് ഡ്രൈവിംഗ് ഹോർട്ടിക്കൾച്ചറൽ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിംഗ്) നടപ്പാക്കുന്നത്.

കൃഷിക്കൂട്ടം, കുടുംബശ്രീ, സ്വയംസഹായസംഘം, യുവജനസംഘം, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷിനടത്താനായി നൽകും. ഭൂവുടമസ്ഥതയിൽ മാറ്റം വരുത്താത്ത തരത്തിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഭൂമി നൽകുക. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും കൃഷി. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വരുമാനത്തിന്റെ ഒരുവിഹിതം ഭൂവുടമകളായ വ്യക്തികളും സ്ഥാപനങ്ങൾക്കും നൽകും. കേരള അഗ്രോ ബിസിനസ് കമ്പനിക്ക് (കാബ്കോ) ആണ് നടത്തിപ്പ് ചുമതല.

ജില്ലയിൽ തരിശുഭൂമി - 166.66 ഹെക്ടർ

വിലക്കയറ്റം നിയന്ത്രിക്കാം

പഴം-പച്ചക്കറിയുടെ ഉത്പാദനത്തിലൂടെയും വ്യാപാരത്തിലൂടെയും കാർഷികാദായത്തിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യത്തിനുള്ള വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിച്ചാൽ അയൽസംസ്ഥാനങ്ങളിലെ പഴം-പച്ചക്കറികളെ ആശ്രയിക്കുന്നത് കുറയ്ക്കാം. ഇതിലൂടെ വിലക്കയറ്റത്തെ പിടിച്ചുനിറുത്താൻ കഴിയും.