അഞ്ചാലുംമൂട്: പൊലീസിന്റെയും എക്സൈസിന്റെയും കണ്ണിൽപ്പെടാതെ അഞ്ചാലുംമൂട്ടിലെ വിവിധ ഭാഗങ്ങളിൽ ലഹരിസംഘങ്ങൾ സജീവം. അഞ്ചാലുംമൂട്, കുരീപ്പുഴ, കടവൂർ, നീരാവിൽ, അഷ്ടമുടി, തൃക്കരുവ എന്നിവിടങ്ങളിലാണ് ഇവരുടെ വിഹാരം. ഇടപാട് നടത്തുന്നവരിൽ പ്രായപൂർത്തിയാകാത്തവരും ഏറെ.

അഞ്ചാലുംമൂട്, ചന്തക്കടവ്, ഓലിക്കര, നീരാവിൽ പാലത്തിന് താഴെഭാഗം, കടവൂരിൽ കുതിരക്കടവ്, ക്ഷേത്രത്തിന് പിന്നിലെ ഓടപ്പുറം, കുരീപ്പുഴയിൽ തെക്കേച്ചിറ, തെക്കേച്ചിറയ്ക്ക് സമീപത്തെ കലുങ്ക്, പാണാമുക്കം കായൽ വാരം, ബൈപ്പാസ്, ബൈപ്പാസിൽ നിന്ന് നീരാവിലേക്ക് പോകുന്ന ഇടവഴികൾ എന്നിവിടങ്ങളിലണ് ഇടപാടുകൾ വ്യാപകമായി നടക്കുന്നത്. അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറന്ന സമയത്ത് പൊലീസും എക്‌സൈസും പരിേശാധന കർശനമാക്കിയപ്പോൾ ലഹരിസംഘങ്ങൾ ഇവിടങ്ങളിൽ നിന്ന് താത്കാലികമായി പിന്മാറിയിരുന്നു. എന്നാൽ പരിേശാധന കുറഞ്ഞതോടെ രാപ്പകൽ ഭേദമില്ലാതെ ഇവർ സജീവമായി.

അഷ്ടമുടി, കരുവ, പ്രാക്കുളം, കുരീപ്പുഴ മേഖലകളിൽ നിന്ന് ജോലികഴിഞ്ഞ് രാത്രിയിൽ സ്ത്രീകൾ സഞ്ചരിക്കുന്ന വഴിയിൽ ക്രിമിനലുകൾ തമ്പടിക്കുന്നത് ഭീഷണിയായിട്ടുണ്ട്. മുൻപ് കാഞ്ഞാവെളിയിലും അഷ്ടമുടിയിലും ലഹരി ഇടപാടുകാർ തമ്മിൽ സംഘർഷവും പതിവായിരുന്നു.

ശല്യമേറെ കുരീപ്പുഴയിൽ

കുരീപ്പുഴയിലാണ് സംഘങ്ങൾ സ്വൈര്യവിഹാരം നടത്തുന്നത്. കുരീപ്പുഴ തെക്കേച്ചിറയിലെ കലുങ്കിന്റെ ഭാഗത്ത് രാവിലെയും രാത്രിയിലും ലഹരിക്കച്ചവടം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. ലഹരി വസ്തുക്കൾ വാങ്ങാനായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഈ പ്രദേശങ്ങളിലെത്താറുണ്ട്. വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ലഹരി കൈമാറ്റത്തിനുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുന്നത്.

പരിശോധനയില്ല

കുരീപ്പുഴയിൽ പൊലീസും എക്‌സൈസും പട്രോളിംഗ് നടത്തുന്നില്ലെന്നാണ് പരാതി. മുൻപ് പൊലീസിന്റെ കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ എത്തുമായിരുന്നു. എക്‌സൈസിന്റെ നിരീക്ഷണവും ഉണ്ടായിരുന്നു. ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ ബൈപ്പാസിലേക്ക് കയറുന്ന ഇടവഴികളിൽ വെളിച്ചമില്ലാത്തത് ലഹരിസംഘങ്ങൾക്ക് സഹായമാണ്.