കൊല്ലം: രാത്രി​കാലത്ത് കക്കൂസ് മാലി​ന്യമടക്കം തള്ളുന്നതി​നാൽ പൊറുതി​മുട്ടി​ ശാന്തിനഗർ നിവാസികൾ. അഷ്ടമുടി കായൽ ശുചീകരണം കാര്യമായി നടക്കുന്നതിനിടെ, ഇതുവഴി കടന്നുപോകുന്ന മണിച്ചിത്തോട്ടി​ൽ (ഈ ഭാഗത്ത് മണ്ണാൻ തോടെന്ന് വി​ളി​പ്പേര്) മാലിന്യം തള്ളുന്നത് പതി​വാണ്.

വടക്കേവിളയിൽ നിന്നാരംഭിച്ച് പട്ടത്താനം, കടപ്പാക്കട, പുള്ളിക്കട, ശാന്തിനഗർ വഴി അഷ്ടമുടി കയലിൽ പതിക്കുന്ന മണിച്ചിത്തോട് ശാന്തിനഗർ ഭാഗത്തെത്തുമ്പോഴാണ് രൂക്ഷമായ മലി​നീകരണത്തി​ന് വി​ധേയമാവുന്നത്. തോട്ടിലെ വെള്ളം ഇവിടെ കറുത്തിരുണ്ട അവസ്ഥയി​ലാണ്. രാത്രി പത്തു മുതൽ നേരം പുലരുന്നതുവരെ ദിവസവും ശാന്തിനഗറിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും മാലിന്യം കെട്ടി തള്ളുന്നതും പതി​വാണ്. മറ്രുഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ, ഗ്രില്ലിട്ട ഭാഗത്ത് തങ്ങി നിൽക്കുന്ന സ്ഥിതിയായി​. മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. 43 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

മാലിന്യം നിറഞ്ഞതി​നാൽ തോട്ടിലെ ഒഴുക്ക് പലഭാഗത്തും തടസപ്പെട്ട നിലയിലാണ്. കൊതുകു നിറഞ്ഞ ഇവിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുമുണ്ട്. മഴപെയ്താൽ പ്രദേശമാകെ വെള്ളത്തി​ലാവും. അടുത്തി​ടെ മഴ രൂക്ഷമായപ്പോൾ നഗറിലെ മിക്ക വീടുകളിലും ഒന്നരയടിയോളം കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള വെള്ളം കയറിയിരുന്നു. പലരും വീടുകൾ പൂട്ടി ബന്ധുവീടുകളിലേക്ക് മാറി​യാണ് രക്ഷപ്പെട്ടത്.

പരാതികൾക്ക് ഫലമി​ല്ല

കക്കൂസ് മാലിന്യം ഉൾപ്പെടെ വ്യാപകമായി തള്ളുന്നത് സംബന്ധിച്ച് പരാതി പറഞ്ഞും നിവേദനം നൽകിയും മടുത്തെന്ന് നാട്ടുകാർ. സി.സി ക്യാമറ സ്ഥാപിച്ചാൽ അടിച്ചുതകർക്കും. മാലിന്യം തള്ളരുതെന്ന് പറയുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. കളക്ടർ, കോർപ്പറേഷൻ അധികൃതർ, പൊലീസ് അധികൃതർ, ആരോഗ്യവകുപ്പ് തുടങ്ങി എല്ലായിടത്തും പരാതി നൽകിയെങ്കിലും ശാശ്വതമായ പരിഹാരമി​ല്ല. മാലിന്യം തള്ളുന്നവർക്ക് ഒത്താശ ചെയ്യാൻ ചില ജനപ്രതിനിധികളുമുണ്ടെന്നാാണ് ആക്ഷേപം. പ്രദേശത്തെയൊന്നാകെ മലി​നമാക്കുന്നവർക്കെതി​രെ നടപടി​ വേണമെന്നാണ് നാടി​ന്റെ ആവശ്യം.