ശാസ്താംകോട്ട: ഭരണിക്കാവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ നെടുങ്ങോലം സ്വദേശി ആകാശ് സജിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്ഥാപനത്തിൽ പണയം വയ്ക്കാൻ എത്തിയ ആകാശ് ഉരുപ്പടികൾ കൈമാറുകയും പരിശോധനയിൽ മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയുംചെയ്തു. പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 25 ഗ്രാമോളം വരുന്ന മുക്കുപണ്ടമാണ് പണയം വയ്ക്കുന്നതിനായി കൊണ്ടുവന്നത്. സ്ഥാപന ജീവനക്കാരുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റ് എവിടെയെങ്കിലും മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്നും ഇത് എവിടെ നിന്ന് ലഭിച്ചു എന്നും പൊലീസ് അന്വേഷിച്ചു വരുന്നതായി ശാസ്താംകോട്ട പൊലീസ് ഇൻസ്പെക്ടർ രാജേഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.