foot-bridge
ഫുട് ബ്രിഡ്ജ്

കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ ഫുട് ബ്രിഡ്ജുകൾക്ക് വഴങ്ങാതെ എൻ.എച്ച്.എ.ഐ. വിവിധ സ്ഥലങ്ങളിൽ ഫുട് ബ്രിഡ്ജുകൾ ആവശ്യപ്പെട്ട് സംഘടനകൾ നിവേദനം നൽകിയെങ്കിലും പുതുതായി സ്ഥലമേറ്റെടുത്താലേ ഫുട് ബ്രിഡ്ജ് നിർമ്മിക്കാനാകൂവെന്ന നിലപാടിലാണ് എൻ.എച്ച്.എ.ഐ.

കേരളകൗമുദി വാർത്തയിലൂടെയാണ് കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ രൂപരേഖയിൽ ഫുട്ബ്രിഡ്ജുകളില്ലെന്ന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഫുട്ബ്രിഡ്ജുകൾ ആവശ്യപ്പെട്ടുള്ള നിവേദനങ്ങൾ എൻ.എച്ച്.എ.ഐക്ക് മുന്നിലെത്തിയത്. എന്നാൽ ആവശ്യമുയർന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ പോലും തയ്യാറാകുന്നില്ല. ഈ റീച്ചിൽ ഒന്നര കിലോ മീറ്റർ മുതൽ 750 മീറ്റർ വരെ ഇടവേളയിൽ ചെറുതും വലുതുമായ അടിപ്പാതകളുള്ളതിനാൽ ഫുട് ബ്രിഡ്ജുകൾ അത്യാവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗസ്ഥർ.

ദേശീയപാത 66ൽ അടിപ്പാതകളിലൂടെ മാത്രമേ റോഡിലൂടെ കാൽനട യാത്രക്കാർക്ക് മുറിച്ചുകടക്കാനാകു. അല്ലാത്തിടങ്ങളിലെല്ലാം റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത വിധത്തിൽ ടോ വാളുകളുണ്ട്.

കാവനാടിനും കടമ്പാട്ടുകോണത്തിനും ഇടയിൽ ദേശീയപാതയ്ക്കരികിൽ നിരവധി ആശുപത്രികളും സ്കൂളുകളുമുണ്ട്. ഇവിടങ്ങളിലേക്ക് എതിർവശത്ത് എത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ വെറുതെ നടക്കുകയോ വാഹനങ്ങളിൽ അധികം സഞ്ചരിച്ച് തൊട്ടടുത്ത അടിപ്പാത വഴി ചുറ്റിക്കറങ്ങുകയോ വേണം.

കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും

 ഫുട് ബ്രിഡ്ജ് സ്ഥാപിക്കാൻ ഒഴിഞ്ഞ സ്ഥലമില്ല

 പുതുതായി സ്ഥലം ഏറ്റെടുക്കേണ്ടിവരും

 ഭൂരിഭാഗമിടത്തും അവശേഷിക്കുന്നത് യൂട്ടിലിറ്റി ഏരിയ മാത്രം

 ഒഴിഞ്ഞ ഭൂമിയുള്ളത് ചുരുക്കമിടത്ത്

 ഓടയ്ക്ക് മുകളിലൂടെയും ഗതാഗതം
 ഓടയ്ക്ക് മുകളിൽ ലാൻഡിംഗ് നടക്കില്ലെന്ന് എൻ.എച്ച്.എ.ഐ

ഓടയ്ക്ക് മുകളിൽ ഫുട്ഓവർ ബ്രിഡ്ജുകളുടെ ലാൻഡിംഗ് പ്രായോഗികമല്ല. യൂട്ടിലിറ്റി ഏരിയയ്ക്കും സർവീസ് റോഡിനും ഇടയിൽ ഫുട് ബ്രിഡ്ജുകൾ സ്ഥാപിക്കാൻ ഇടമില്ല. പുതുതായി സ്ഥലമേറ്റെടുത്താലേ ഫുട് ബ്രിഡ്ജ് സ്ഥാപിക്കാനാകൂ.

എൻ.എച്ച്.എ.ഐ അധികൃതർ