photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞുനടക്കുന്ന പ്രധാന കെട്ടിടം

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയുടെ ഹൈടെക് വികസനം ഇഴഞ്ഞിഴഞ്ഞ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാര്യമായ പുരോഗതിയില്ല. 2020 ആഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയാണ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. കൊല്ലം- തിരുമംഗലം ദേശീയ പാതയ്ക്ക് അഭിമുഖമായി നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് മാത്രമാണ് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. നിർമ്മാണം തുടങ്ങി നാലുവർഷമെത്തുമ്പോഴും പാതിവഴിയിൽ പോലും ആയിട്ടില്ലെന്നതാണ് ആക്ഷേപം. കഴിഞ്ഞ സെപ്തംബറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണ ജോലികൾ വിലയിരുത്താൻ ആശുപത്രിയിലെത്തിയിരുന്നു. കെട്ടിടങ്ങളും പ്ളാനുമൊക്കെ നേരിൽക്കണ്ട മന്ത്രിയോട് 2024 ഏപ്രിലിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ട കരാറുകാരും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതുമാണ്. എന്നാൽ ഇപ്പോഴും നിർമ്മാണ ജോലികൾക്ക് പുരോഗതിയില്ല.

വരേണ്ടത് മെച്ചപ്പെട്ട സൗകര്യങ്ങൾ

9 നില കെട്ടിടം

ആശുപത്രിയുടെ പിൻഭാഗത്തായി 9 നിലകളുള്ള പ്രധാന കെട്ടിടമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. 45,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഈ കെട്ടിടം. റിസപ്ഷൻ, ഐ.പി ബ്ളോക്ക്, പേ വാർഡ്, മോർച്ചറി തുടങ്ങി ആശുപത്രിയുടെ പ്രധാന ഭാഗങ്ങളെല്ലാം ഈ കെട്ടിടത്തിലാകും. 22 വാഹനങ്ങൾ കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്യാം. പുറമെ പാർക്കിംഗ് ഗ്രൗണ്ടും ഒരുക്കുന്നുണ്ട്.