photo
സ്വകാര്യ വ്യക്തികൾ കൈയ്യേറിയ തഴത്തോട് പൂർവ്വസ്ഥിതിയിലാക്കുന്നു.

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന കേശവപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. ഇവിടെ സ്വകാര്യ വ്യക്തികൾ കൈയ്യേറി നികത്തിയ തോട് നഗരസഭയും റവന്യൂ വകുപ്പും ചേർന്ന് പൂർവസ്ഥിതിയിൽ എത്തിക്കുകയായിരുന്നു. പള്ളിക്കലാറ്റിലേക്ക് വെള്ളം ഒഴുകി കൊണ്ടിരുന്ന നീർച്ചാലാണ് കാൽ നൂറ്റാണ്ടിന് മുമ്പ് സ്വകാര്യ വ്യക്തികൾ കൈയ്യേറി നികത്തിയത്. . ഇതോടെ ഇതു വഴിയുള്ള വെള്ളമൊഴുക്ക് നിലച്ചു.

മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ

മൂന്ന് മീറ്റർ വീതിയിലാണ് തോടുണ്ടായിരുന്നത്. 700 മീറ്റർ നീളത്തിൽ വരുന്ന സ്ഥലമാണ് വ്യക്തികൾ കൈയ്യേറിയത്. തോട് കൈയ്യേറി നികത്തിയതോടെ കേശവപുരത്ത് മഴ സീസണിൽ വെള്ളക്കെട്ട് പതിവായി മാറി. എല്ലാ മഴ സമയത്തും പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റുകയായിരുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന ഒന്നും രണ്ടും തഴത്തോടുകൾ തോണ്ടളിൽ ക്ഷേത്രത്തിന് സമീപം വെച്ച് ഒന്നായി കൊതിമുക്ക് വട്ടക്കായലിൽ പതിക്കുകയാണ്. ഈ തോടിന്റെ മറ്റൊരു കൈവഴിയാണ് പള്ളിക്കലാറ്റിൽ പതിക്കുന്നത്. ഈ തോടാണ് സ്വകാര്യ വ്യക്തികൾ കൈയ്യേറി നികത്തിയത്.

വെള്ളക്കെട്ടിന് വിട

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ, റവന്യൂ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരാഴ്ചയായി തോട് പുന:സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചു. ഇന്നലെ തോട് പൂർണമായും പുസ്ഥാപിച്ചു. ശക്തമായ മഴ പെയ്താൽ പോലും കേശവപുരത്ത് വെള്ളക്കെട്ട് ഉണ്ടാവുകയില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കൗൺസിലർ സുഷാ അലക്‌സ്, വില്ലേജ് ഓഫീസർ അജയകുമാർ, ക്ലീൻസിറ്റി മാനേജർ

അഫ്‌സൽ, ഹെൽത്ത് ഇൻസ്‌പെക്ടർ റജീന തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുലാവർഷം ആരംഭിക്കുന്നതിന് മുമ്പായി തോട് ആഴം കൂട്ടി വെള്ളമൊഴുക്ക് സുഗമമാക്കും. കോട്ടയിൽ രാജു

ചെയർമാൻ