പോരുവഴി: ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന പോരുവഴി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന അടിയന്തര യോഗം ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ അലങ്കോലപ്പെടുത്തിയതായി പരാതി. ഇന്നലെ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ജനപ്രതിനിധികൾ,ഡോക്ടർമാർ, എം.എൽ.എസ്.പിമാർ,ആശാപ്രവർത്തകർ, പ്രഥമ അദ്ധ്യാപകർ തുടങ്ങിയവരാണ് യോഗത്തിന് എത്തിയത്. പോരുവഴിയിൽ തങ്ങളുടെ മേൽനോട്ടത്തിൽ അല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടന്ന് ബി.ജെ.പി മെമ്പർമാർ വാശി പിടിച്ചു കൊണ്ടാണ് മീറ്റിംഗ് അലങ്കോലപ്പെടുത്തിയതത്രേ. പ്രശ്നം സങ്കീർണമായതോടെ പ്രസിഡന്റ് മൈക്ക് ഓഫ് ചെയ്യുകയും യോഗം പിരിച്ചു വിട്ടതായി അറിയിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് കാണിക്കാൻ വേണ്ടി നാളുകളായി ബി.ജെ.പി പ്രതിനിധികൾ നടത്തുന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് യു.ഡി.എഫ് - എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ ആശാപ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ശൂരനാട് പൊലീസിൽ പരാതി നൽകി.