കൊല്ലം: അഷ്ടമുടി കായലിലെ കൈയേറ്റവും മലിനീകരണവും സംബന്ധിച്ച് ഹൈക്കോടതി നൽകിയ ഉത്തരവ് പാലിക്കാതിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 29ന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജൂലായ് 23ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കേസിലെ എതിർകക്ഷികൾ വായിച്ച് നോക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊല്ലം കോർപ്പറേഷനും പനയം പഞ്ചായത്തും മാത്രമാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. കൈയേറ്റം സംബന്ധിച്ച് സബ് കളക്ടർ ഫയൽ ചെയ്യേണ്ട പ്രതിമാസ നടപടി റിപ്പോർട്ട് ഇന്നുതന്നെ ഫയൽ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എല്ലാമാസവും ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. കൈയേറ്റം ഒഴിപ്പിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകാൻ സബ് കളക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. കൊല്ലം ബാറിലെ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.