കൊല്ലം: പട്ടികവിഭാഗ സംവരണം അട്ടിമറിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകുന്ന സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കണമെന്നും അവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കാൻ പട്ടികജാതി-വർഗ സംയുക്ത സമിതി യോഗം തീരുമാനിച്ചു.
ഇതിനായി കോർകമ്മിറ്റിയെ ചുമതലപ്പെടുത്തി. സംയുക്തസമിതി പ്രസിഡന്റ് ഐ.ബാബു കുന്നത്തൂർ അദ്ധ്യക്ഷനായി. കേരള പുലയർമഹാസഭ, കേരള സിദ്ധനർ സർവീസ് സൊസൈറ്റി, കേരള സാംബവർ സൊസൈറ്റി, അഖില കേരള പാണർ സമാജം, ഭാരതീയ വേലൻ സൊസൈറ്റി, കേരള പരവൂർ സർവീസ് സൊസൈറ്റി, കേരള തണ്ടാർ മഹാസഭ, അഖില കേരള വർണവർ സൊസൈറ്റി, കാക്കാല സർവീസ് വെൽഫെയർ സൊസൈറ്റി, കേരള വേലൻ മഹാസഭ, ആദിജനസഭ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സമിതി ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. എൻ.രാഘവൻ, പി.എൻ.സുകുമാരൻ എന്നിവർ സംസാരിച്ചു.