എഴുകോൺ : നെൽച്ചെടിയുടെ വരൾച്ച മുരടിപ്പിച്ച് വിളനാശത്തിന് കാരണമാകുന്ന വരിനെല്ല് (ഊര) ശല്യം ഒഴിയാതെ കരീപ്ര പാട്ടുപുരയ്ക്കൽ ഏല. മൂന്നു വർഷം മുൻപ് സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം മുഖേന സംയോജിത വരി നിയന്ത്രണ പദ്ധതി നടപ്പാക്കിയെങ്കിലും പൂർണ ഫലം ഉണ്ടായിട്ടില്ല.
1.നെൽച്ചെടിയേക്കാൾ ഉയരമുള്ള ഊര നെല്ലിനേക്കാൾ വേഗത്തിൽ തഴച്ചു വളരും.
2. ശരിയായ നിയന്ത്രണം നടപ്പാക്കിയില്ലെങ്കിൽ പാടശേഖരം തന്നെ നശിപ്പിക്കും.
3. നെൽ വിത്തുകൾ ശരിയായി പരിപാലിച്ച് തിരഞ്ഞെടുക്കാതിരുന്നാൽ ഊര വിത്ത് കലരാനുള്ള സാദ്ധ്യതയുണ്ട്.
4. ഉഴവ് ഉപകരണങ്ങളും കൊയ്ത്ത് മെതി യന്ത്രങ്ങളും വഴി ഊര എത്തിയേക്കാം.
5. സാധാരണ നെല്ലും ആദ്യകാല വിത്തിനങ്ങളും സംയോജിച്ചുണ്ടായ സങ്കര ഇനമായതിനാൽ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളെയും മറികടന്ന് ഊര വളരും.
പരിശോധന വേണം
സമീപകാലത്ത് വിതച്ച വിത്ത് ഏതാണ്ട് പൂർണമായി നശിച്ചതിലടക്കം ശരിയായ പരിശോധന നടത്താൻ കൃഷി വിജ്ഞാന കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. കൃത്യസമയത്ത് വിവരം കൈമാറാതിരുന്നതാണ് കാരണം. വിവരമറിഞ്ഞ് ഗവേഷകർ എത്തിയപ്പഴേക്കും ദിവസങ്ങൾ കഴിഞ്ഞിരുന്നു. പിന്നീടുള്ള സാമ്പിൾ ശേഖരണം കൃത്യതയുള്ള ഫലം നൽകുന്നതായിരുന്നില്ല.
ഊര ശല്യവും, മണ്ണിന്റെ ഫലഘടകങ്ങളും അടക്കം സർവകലാശാലാ തലത്തിൽ പരിശോധിച്ച് പരിഹാരം കാണണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
സ്ഥിരം കൃഷി ഓഫീസറില്ല
കരീപ്രയിൽ ഒരു വർഷത്തോളമായി സ്ഥിരം കൃഷി ഓഫീസറില്ല. ഇവിടെ നിയമനം കിട്ടിയ ഓഫീസർ മെറ്റേണിറ്റി ലീവിൽ പോയതോടെയാണിത്. വെളിയത്തെ കൃഷി ഓഫീസർക്കാണ് പകരം ചുമതല. കരീപ്രയിലെ ദൈനംദിന പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
പാട്ടുപുരയ്ക്കലിലെ കാർഷിക പ്രശ്നങ്ങൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കാൻ വേണ്ട നിർദ്ദേശം നൽകും. കള നാശത്തിന് കൃഷി വിജ്ഞാന കേന്ദ്രം മുഖേന സമഗ്ര പദ്ധതി ഉണ്ടാകും.
പുഷ്പ ജോസഫ്,
കൃഷി ഡപ്യൂട്ടി ഡയറക്ടർ, കൊല്ലം.