കൊല്ലം: സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞുങ്ങളെ കൊല്ലരുതെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്. സംരക്ഷിക്കാൻ പറ്റാത്ത അവസ്ഥയിൽ സുരക്ഷിതമായി കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് അമ്മത്തൊട്ടിൽ. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ വിക്ടോറിയ ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എത്തപ്പെടുന്ന കുട്ടികളെ ശിശുപരിചരണ കേന്ദ്രത്തിൽ ഏല്ലാവിധ ശ്രദ്ധയോടെയും വിദ്യാഭ്യാസം നൽകി വളർത്തും. ദത്തെടുക്കാൻ തയ്യാറാകുന്നവർക്ക് നിയമപരമായി കൈമാറും. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവർ യതൊരു വിവരങ്ങളും നൽകേണ്ടതില്ല. അമ്മത്തൊട്ടിലിൽ വരുന്ന കുട്ടികളുടെ വിവരങ്ങൾ പരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ജില്ലാ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.