കരുനാഗപ്പള്ളി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം തകർച്ചയിൽ. പുതിയത് വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന ലാലാജി - പണിക്കർക്കടവ് റോഡിലെ ആദ്യത്തെ പാലമാണിത്. ദേശീയപാതയിൽ നിന്ന് 100 മീറ്ററോളം പടിഞ്ഞാറ് മാറിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 3 മീറ്റർ വീതിയാണ് പാലത്തിന്.
പാലം ജീർണ്ണിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി
ആലപ്പാടും കരുനാഗപ്പള്ളിയും
കരുനാഗപ്പള്ളി ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ തിരിച്ച് വിടുന്നത് ഈ പാലം വഴിയാണ്. അമിത ഭാരവും വഹിച്ച് കൊണ്ടുള്ള വാഹനങ്ങൾക്ക് കടന്ന് പോകാൻ സുരക്ഷാ ഭീഷണിയുണ്ട്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാലത്തിന്റെ പ്രസക്തി ഏറുകയാണ്. സമുദ്രതീര ഗ്രാമമായ ആലപ്പാടിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്നതും ഈ പാലമാണ്. ചവറ ഐ.ആർ.ഇ കമ്പനിയുടെ പ്രധാന കരിമണൽ പ്രദേശമാണ് വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത് തുറകൾ. ഇവിടെ നിന്നും കരിമണൽ ലോറികളിൽ കയറ്റി കമ്പനിയിലേക്ക് കൊണ്ട് പോകുന്നതും പാലം വഴിയാണ്.
അധികൃതർ അവഗണിക്കുന്നു
പാലം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാജഭരണ കാലത്ത് നിർമ്മിച്ച പല പാലങ്ങളും പൊളിച്ച് നീക്കി പുതിയത് നിർമ്മിച്ചെങ്കിലും ഈ പാലത്തോട് അധികൃതർ അവഗണന കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പാലം പൊളിച്ചാൽ ആലപ്പാട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തിരികെ വരുന്ന വാഹനങ്ങളും തറയിൽ മുക്ക് വഴി വടക്ക് ഭാഗത്തേക്കും കരോട്ട് ജംഗ്ഷൻ വഴി പടിഞ്ഞാറ് ഭാഗത്തേക്കും തിരിച്ച് വിട്ടാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ കഴിയും.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണിത്. തകർച്ചയുടെ വക്കിലാണ്. പുതിയ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. താമസിച്ചാൽ പാലം തകർന്ന് വീഴാൻ സാദ്ധ്യതയുണ്ട്.കരുമ്പാലിൽ സദാനന്ദൻ , പൊതു പ്രവർത്തകൻ