ഈടാക്കുന്നത്
2 പൈസ
കൊല്ലം: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടയ്ക്ക് രണ്ട് പൈസ പ്രവേശന ഫീസ് ഏർപ്പെടുത്തിയതോടെ മൃഗസംരക്ഷണ വകുപ്പിന്റെ തെന്മല ചെക്ക് പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള മുട്ടലോറിക്കാരുടെ പ്രതിഷേധം.
മണിക്കൂറുകളോളം പ്രതിഷേധം തുടർന്നെങ്കിലും പിന്നീട് ഫീസടച്ച് യാത്ര തുടർന്നു. നേരത്തെ വളർത്ത് പക്ഷികൾക്ക് ഒരു രൂപ വീതം മൃഗസംരക്ഷണ വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ അടയ്ക്കണമായിരുന്നു. അധികവരുമാനം കണ്ടെത്താൻ ഈമാസം ഒന്ന് മുതലാണ് മുട്ടയ്ക്ക് രണ്ട് പൈസ വീതം ഫീസ് ഏർപ്പെടുത്തിയത്.
ഈ തുക ഇന്നലെ മുതൽ കർശനമായി പിരിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധം ഉയർന്നത്. പുതിയ തീരുമാനം തങ്ങൾ അറിഞ്ഞില്ലെന്നും അടയ്ക്കേണ്ട തുക തങ്ങളുടെ കൈവശമില്ലെന്നും പറഞ്ഞായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
തമിഴ്നാട്ടിലെ നാമക്കൽ, കോയമ്പത്തൂർ, പല്ലടം, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ഫീസ് എർപ്പെടുത്തിയതോടെ മുട്ടലോറികൾ രഹസ്യവഴികളിലൂടെ കേരളത്തിലേക്ക് കടന്നുതുടങ്ങിയതായും വിവരമുണ്ട്.
പ്രതിദിനം എത്തുന്ന മുട്ട- 1.20 കോടി
സംസ്ഥാനത്ത് ആകെ കോഴികൾ- 40 ലക്ഷം
പ്രതിദിന മുട്ട ഉല്പാദനം- 40 ലക്ഷം