ഉമ്മന്നൂർ : വെളിയം പഞ്ചായത്തിൽ പന്നികൾ കൂട്ടമായി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷി ഉപേക്ഷിച്ച് നാട്ടുകാർ. ഏകദേശം പഞ്ചായത്താകെ കാട്ടുപന്നി ശല്ല്യം വ്യാപിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായി കളപ്പില കോടന്നൂർ ഏലായിൽ അദ്ധ്യാപകനായ വാപ്പാല മാധവാലയത്തിൽ ഷൈജു മാധവന്റെ ഏകദേശം 400 മൂട് കപ്പയും 40 മൂട് ചേനയും പന്നിക്കൂട്ടം കുത്തിമലർത്തി. മൂന്ന് മാസത്തോളമെത്തിയ വിളകൾ ഓണത്തിന് വിളവെടുക്കാനുള്ളതായിരുന്നു. നെൽക്കൃഷി നിലച്ച പാടത്തിൽ പണ കോരി നട്ട തെങ്ങിന്റെയും കവുങ്ങിന്റെയും തൈകളും കുത്തി മലർത്തി.സമീപത്തെ കർഷകനായ സുദേവന്റെ കുലയ്‌ക്കാറായ വാഴകളും പന്നികൾ കുത്തി മറിച്ചു. ഷൈജുവിന് മാത്രം ഏകദേശം 2 ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. മറ്റ് കർഷകർക്കുണ്ടായ നഷ്‌ടം കൂടി തിട്ടപ്പെടുത്തിയാൽ തുക ഭീമമാകും. നേരം ഇരുട്ടുന്നതോടെ ആരംഭിക്കുന്ന മുപ്പതോളം പന്നികളുടെ പരാക്രമം അർദ്ധരാത്രിയോളം തുടരും. പകൽ റബർ തോട്ടങ്ങളിലാണ് വിശ്രമം.

ലായനി വേണ്ട, നെറ്റ് ഫെൻസിംഗ് വരട്ടേ

1.പ‌ഞ്ചായത്തും കൃഷി വകുപ്പും കർഷകരുടെ ദുരിതം കാണുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.

2.കാർഷിക സർവകലാശാല വികസിപ്പിച്ച പ്രത്യേക ലായനി തളിക്കാനാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

3.ലായനിയുടെ ഗന്ധം അവസാനിച്ചാൽ വീണ്ടും പന്നിക്കൂട്ടം വരുമെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും കർഷകർ

4.നെറ്റ് ഫെൻസിംഗ് പോലുള്ള പ്രായോഗിക സമീപനം ആവശ്യമാണെന്നും മറ്റ് തദ്ദേശ സ്ഥാപനങ്ങൾ വലകൾ കൊണ്ട് വേലി സ്ഥാപിക്കുന്നതിന് 50 ശതമാനം സബ്‌സിഡി അനുവദിച്ചതായും കർഷകർ

5.പഞ്ചായത്ത് മുതിർന്ന പൗരനായ വേട്ടക്കാരനെ പത്തനാപുരത്ത് നിന്ന് ഇറക്കിയതും ഫലവത്തായില്ല