എഴുകോൺ : കൂപ്പൺ നറുക്കെടുപ്പിൽ കിട്ടിയ അരപ്പവൻ സ്വർണ നാണയം യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വായന ശാലയ്ക്കും പകുത്ത് നൽകി. കുഴിമതിക്കാട് സ്വദേശിയും സി.പി.എം പ്രവർത്തകനുമായ മനു പ്രദീപാണ് സമ്മാനം നാടിന്റെ നന്മക്കായി നൽകി മാതൃക കാട്ടിയത്. ധനശേഖരണാർത്ഥം ചൂരപ്പൊയ്ക കെ. കൃഷ്ണകുമാർ ലൈബ്രറിയാണ് സമ്മാന കൂപ്പൺ വിറ്റഴിച്ച് നറുക്കെടുപ്പ് നടത്തിയത്. ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകിയപ്പോഴാണ് മനു കിട്ടിയ സമ്മാനം മന്ത്രിയെ തിരികെ ഏൽപ്പിച്ചത്. പകുതി തുക വീതം വയനാട് ദുരിതാശ്വാസത്തിനും ലൈബ്രറിക്ക് ഫർണിച്ചർ വാങ്ങാനും ഉപയോഗിക്കണമെന്ന അഭ്യർത്ഥനയോടെയായിരുന്നു ഇത്.