കരുനാഗപ്പള്ളി: വേദാന്ത പണ്ഡിതനും ആട്ടക്കഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ് ഏർപ്പെടുത്തിയ തൗര്യത്രികം കഥകളി പുരസ്കാരത്തിന് കഥകളി നടൻ ആർ.എൽ.വി രാധാകൃഷ്ണൻ പാവുമ്പ അർഹനായി. 11111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പന്നിശ്ശേരിൽ ശ്രീനിവാസക്കുറുപ്പിന്റെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരം ആട്ടകഥാക്കൃത്തും കഥകളി നടനുമായ മധു വാരണാസിക്കും പന്നിശ്ശേരിൽ ഗണേശ കുമാരൻ നായരുടെ പേരിലുള്ള വാദനശ്രീ പുരസ്കാരം ചെണ്ട കലാകാരനായ കലാമണ്ഡലം ശിവദാസിനും മുൻ എം.എൽ.എ അന്തരിച്ച എൻ.വിജയൻ പിള്ള സ്മാരക രംഗമുദ്ര പുരസ്കാരം കഥകളി ഗായകനായ സദനം സായിക്കും കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ വർണമുഖി പുരസ്കാരം അണിയറ കലാകാരനായ തേവലക്കര രാജൻ പിള്ളയ്ക്കും നൽകും. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മറ്റ് പുരസ്കാരങ്ങൾ. മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി, സന്തോഷ് ചന്ദ്രൻ കിഴക്കേ പാലാഞ്ഞിയിൽ എന്നിവരാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്തംബർ 10ന് മരുതൂർകുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് ദുര്യോധനവധം കഥകളി. ക്ലബ് രക്ഷാധികാരി കുരുമ്പോലിൽ ശ്രീകുമാർ, പ്രസിഡന്റ് ചിറയ്ക്കൽ ശ്രീഹരി, സെക്രട്ടറി വി.പി.ലീലാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ പന്നിശ്ശേരിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.