അഞ്ചൽ: അഞ്ചൽ-ആയൂർ റോഡ് നവീകരണത്തിന്റെ മറവിൽ പെരുങ്ങള്ളൂരിൽ സ്വകാര്യ ഭൂമിയുടെ സംരക്ഷണ ഭിത്തി കെട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം. കിഫ്ബി ഫണ്ടിലെ തുക ഉപയോഗിച്ചാണ് റോഡ് നിർമ്മാണം നടക്കുന്നത്. സർക്കാർ ചെലവിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാൻ കിഫ്ബി അധികൃതർ ശ്രമിക്കുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചൽ-ആയൂർ റോഡിന്റെ മറ്റ് ചില ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംരക്ഷണ ഭിത്തികൾ ആവശ്യമാണെങ്കിലും അത് നിർമ്മിക്കാൻ അധികൃതർ തയ്യാറല്ലെന്നും ആക്ഷേപമുണ്ട്.
ഇഴഞ്ഞ് നീങ്ങി നിർമ്മാണം
റോഡ് നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷമായെങ്കിലും ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. വട്ടമൺ പാലത്തിന്റെ നിർമ്മാണം തുടങ്ങിയ സ്ഥലത്ത് തന്നെ നിൽക്കുകയാണ്. പെരുങ്ങള്ളൂരിൽ റോഡിലെ വളവിൽ അപകടങ്ങൾ നിത്യസംഭവമാണ്. രണ്ട് മാസം മുമ്പ് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി- കോൺഗ്രസ് പ്രതിഷേധം
സംരക്ഷണഭിത്തി കെട്ടുന്നത് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. സംരക്ഷണ ഭിത്തി കെട്ടുന്നതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ മന്ത്രിയ്ക്കും നൽകിയിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി.
വിജിലൻസ് അന്വേഷിക്കണം
റോഡ് നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാൻ സംരക്ഷണ ഭിത്തി കെട്ടുന്നതിലെ ദുരൂഹത വിജിലൻസ് അന്വേഷിക്കണം. ഇത് സംബന്ധിച്ച് വിജലൻസ് ഡയറക്ടർക്ക് പരാതി നൽകും.
എസ്. ഉമേഷ് ബാബു (ബി.ജെ.പി. അഞ്ചൽ മണ്ഡലം പ്രസിഡന്റ്)
പ്രക്ഷോഭം ശക്തമാക്കും
പെരുങ്ങള്ളൂരിൽ സ്വകാര്യ വ്യക്തിയെ സഹായിക്കാൻ സർക്കാർ പണം മുടക്കി സംരക്ഷണ ഭിത്തി കെട്ടുന്നതിൽ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും.
ലിജു ആലുവിള (കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡന്റ്)