കൊല്ലം: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട 17 കാരനെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച രാത്രി 12 നാണ് കുട്ടിയെ കണ്ടെത്തിയത്. സംശയം തോന്നി ആർ.പി.എഫ് ഉദ്യോഗസ്ഥർ വിവരം അന്വേഷിച്ചപ്പോഴാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞതാണെന്ന് മനസിലായത്. ഇവർ കുട്ടിയെ എറണാകുളം ടൗൺ നോർത്ത് പൊലീസിന് കൈമാറി. വിവരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വ്യാഴ്ച ഈസ്റ്റ് പൊലീസ് എറണാകുളത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ബീച്ച് റോഡിലുള്ള ചിൽഡ്രൻസ് ഹോമിൽ നിന്ന് 17 കാരൻ കടന്നുകളഞ്ഞത്. കോടതി വിചാരണ നേരിടുന്നതിനാൽ താത്കാലികമായി ഇവിടെ കഴിയുകയായിരുന്നു. വീട്ടിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. ആരോടും പറയാതെ കുട്ടി നാടുവിട്ടുപോകുന്നത് പതിവാണ്.