കൊട്ടാരക്കര: മണ്ഡലം സമഗ്ര വികസനത്തിനൊരുങ്ങുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലിൽ അനുവദിച്ചിട്ടുള്ള പദ്ധതികൾക്ക് പുറമെ ഭാവിയിൽ നടപ്പാക്കേണ്ട പദ്ധതികൾക്കുകൂടി ലക്ഷ്യമിടുകയാണ്. ഇതിനായി 'സമഗ്ര കൊട്ടാരക്കര' എന്ന പേരിൽ ജനകീയ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. വിവിധ വകുപ്പുകളുടെയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെയും സഹകരണത്തിലാണ് വികസന രേഖ തയ്യാറാക്കിയത്. കരട് വികസന രേഖ ഒരാഴ്ച മുൻപ് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളുടെയും ഇതര സംഘടനകളുടെയും പ്രതിനിധികളടക്കം ചർച്ചയിൽ പങ്കെടുത്തതുമാണ്. ഇവിടെ ചർച്ച ചെയ്ത വിഷയങ്ങൾക്കൂടി കൂട്ടി വിളക്കിയാണ് 'സമഗ്ര കൊട്ടാരക്കര' തയ്യാറാക്കിയത്.

എല്ലാ മേഖലയിലും വികസനം

ഏകദിന സെമിനാർ

കൊട്ടാരക്കര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ഏകദിന സെമിനാർ 12ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 10ന് കൊട്ടാരക്കര പുലമൺ മാർത്തോമ ജൂബിലി മന്ദിരം ഹാളിൽ നടക്കുന്ന സെമിനാറിൽ പൂർണ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. വിവിധ സംഘടന, സ്ഥാപന പ്രതിനിധികളെ മന്ത്രിതന്നെ കത്തുനൽകി വിളിച്ചിട്ടുണ്ട്.

ബൈപ്പാസ് അടക്കം വലിയ പദ്ധതികൾ കൊട്ടാരക്കരയിൽ ഉടൻ യാഥാർത്ഥ്യമാകും. അതിനൊപ്പം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'സമഗ്ര കൊട്ടാരക്കര' ചർച്ച ചെയ്യപ്പെടുകയാണ്. സെമിനാറിന് ശേഷം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ശ്രമം നടത്തും. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് കാലോചിതമായ വികസനം സാദ്ധ്യമാക്കും- കെ.എൻ.ബാലഗോപാൽ, മന്ത്രി