കൊല്ലം: ദേശീയ പുസ്തകസ്നേഹി ദിനത്തിൽ അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽ.പി സ്കൂളിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ പുസ്തകക്കുടുക്ക സ്ഥാപിച്ചു. അദ്ധ്യാപകരും കുട്ടികളും കുടുക്കയിൽ നിക്ഷേപിക്കുന്ന തുക ഉപയോഗിച്ച് വർഷാവസാനം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങും. കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂൾ ലൈബ്രറി വിപുലീകരിക്കാനും അച്ചടി പുസ്തകങ്ങൾ വായിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ദിനാചരണം സംഘടിപ്പിച്ചത്. പ്രധാനാദ്ധ്യാപിക കെ. നാജിയത്ത് സ്കൂൾ ലീഡർ എച്ച്. ശ്രീഹരിക്ക് പുസ്തക കുടുക്ക കൈമാറി ദിനാചരണം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഡി. ഡിക്‌സൺ, എസ്. സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.