photo
ബിനുവും അനീഷും

കൊല്ലം: രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് മോഷണം നടത്തുന്ന സംഘം പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം സമീർ മൻസിലിൽ നിന്ന് കോരാണിയിൽ എ.വി.മന്ദിരത്തിൽ താമസിച്ചുവരുന്ന ബിനു (48), തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് (29) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിനുള്ളിൽ ഹൈവേകളിൽ ദീർഘദൂര യാത്രക്കിടെ നിറുത്തിയിടുന്ന ചരക്ക് വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊട്ടാരക്കര, എഴുകോൺ ഭാഗങ്ങളിൽ ഇത്തരത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കൊല്ലത്തേക്ക് ചരക്കുമായി പോയി മടങ്ങുന്ന തമിഴ്നാട് സ്വദേശികളാണ് കൂടുതലും മോഷണത്തിന് ഇരയായിരുന്നത്. അർദ്ധരാത്രിക്ക് ശേഷം ഉറങ്ങാൻ നിറുത്തുന്ന വാഹനങ്ങളിൽ മോഷ്ടാക്കൾ കയറും. കഴിഞ്ഞ തിങ്കളാഴ്ച കൊട്ടാരക്കരയിൽ മുട്ട വിതരണക്കാരുടെ ലോറിയിൽ നിന്ന് 2.25 ലക്ഷം രൂപയും എഴുകോണിൽ കാലികളെ കടത്തുന്ന ലോറിയിൽ നിന്ന് 82000 രൂപയും കവർന്നിരുന്നു. ഇതിന് മുമ്പും പലപ്പോഴും സമാന മോഷണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തമിഴ്നാട് സ്വദേശികളായതിനാൽ പരാതി നൽകാതെ പോവുകയായിരുന്നു. തുക കൂടുതലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. കൃത്യമായ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി.

കൊട്ടാരക്കര സി.ഐ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ പി.കെ.പ്രദീപ്, എ.എസ്.ഐ ഹരിഹരൻ, സുനിൽ കുമാർ, നഹാസ്, രാജേഷ്, സഖിൽ, ശ്രീരാജ്, കിരൺ, മനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ കൃത്യമായ നിർദ്ദേശങ്ങളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.

മോഷണമുതലിൽ ആഡംബര ജീവിതം

 മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം

 ആറ്റിങ്ങൽ കോരാണിയിൽ ബഹുനില ആഡംബര വീട്ടിലാണ് ബിനു താമസിച്ചിരുന്നത്

മത്സ്യ മൊത്തവ്യാപാരിയെന്നാണ് ബിനു അയൽക്കാരോട് പറഞ്ഞിരുന്നത്

 പകൽ യാത്രകൾ ആഡംബര കാറുകളിൽ

 രാത്രിയിൽ മത്സ്യവ്യാപാരത്തിന്റെ രീതിയിൽ മിനി ലോറിയിൽ സഞ്ചരിച്ച് മോഷണം

 നിറുത്തിയിടുന്ന ലോറികൾക്ക് സമീപം ഇവരുടെ വാഹനവും പാർക്ക് ചെയ്യും

 ഡ്രൈവർമാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം മോഷണം

 കിലോമീറ്ററുകൾ വെറുതെ ഓടിക്കുന്നതിനാൽ താമസ സ്ഥലം കണ്ടെത്താനാകില്ല

 അഞ്ഞൂറിൽപരം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു