കൊല്ലം: കടപ്പാക്കടയിൽ നിന്ന് ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തുകൂടി ആശ്രാമം മൈതാനത്തേക്കുള്ള കുറവൻ പാലം മാലിന്യ നിക്ഷേപ കേന്ദ്രമായി​. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം തള്ളുന്നത് പതിവായിട്ടും യാതൊരു നടപടി​യുമി​ല്ല.

അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് വഴിയോരത്ത് തള്ളുന്നത്. കാൽനട യാത്ര പോലും ദുസഹമായി​. ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. രാത്രിയും പുലർച്ചയുമാണ് മാലിന്യം തള്ളൽ. ഇരുട്ടായാൽ ഈ ഭാഗത്ത് വെളിച്ചത്തി​ന്റെ കുറവാണ് വി​ഷയം. ആരുടെയും ശ്രദ്ധ പെട്ടെന്ന് കിട്ടില്ലെന്ന ധൈര്യത്തിലാണ് വാഹനങ്ങളിലും മറ്രും എത്തി മാലിന്യം തള്ളുന്നത്. റോഡി​ന്റെ ഇരുവശത്തും കാടു മൂടി​യതോടെ തെരുവുനായ ശല്യവും വർദ്ധി​ച്ചു. മഴക്കാലത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും. കൂടാതെ അഴുക്കുവെള്ളം റോഡിലേക്ക് ഒഴുകി​യെത്തും. മാലിന്യം നിറഞ്ഞ് പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം. അടി​യന്തര നടപടി​ ഉണ്ടാവണമെന്നാണ് നാട്ടുകാരു‌ടെ ആവശ്യം.

കണ്ടി​ട്ടും കാണാതെ

ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളി​ലും മാലിന്യം തള്ളുന്നത് പതിവായി​. വാടി, പള്ളിത്തോട്ടം, ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപം, കപ്പലണ്ടി മുക്ക്, കൊല്ലം ബീച്ച്, ചിന്നക്കട മേൽപ്പാലത്തിന് താഴെ ഇങ്ങനെ നീളുന്നു മാലിന്യം തള്ളുന്ന ഇടങ്ങളുടെ നിര. എത്ര വൃത്തിയാക്കിയാലും പി​റ്റേന്ന് വീണ്ടും മാലി​ന്യം കുന്നുകൂടും. പ്രദേശവാസി​കളുടെ മനോഭാവത്തി​ലുണ്ടാവാത്ത മാറ്റമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപവുമുണ്ട്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളി​ലാണ് മാലി​ന്യം കൂടുതലായി​ തള്ളുന്നത്.