കൊല്ലം: ജില്ലാ ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടും സസ്പെൻഷനിലുള്ള സൈനികനോട് കിളികൊല്ലൂർ പൊലീസ് വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്ന് പരാതി. പ്രണയത്തിലായിരുന്ന പെൺകുട്ടി തെറ്റിപ്പിരിഞ്ഞതോടെ നൽകിയ പരാതിയിൽ യുവാവിനെതിരെ പോക്സോ ആക്ട് പ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ 6ന് പെൺകുട്ടി നേരിട്ടെത്തി പരാതിയില്ലെന്ന് പറഞ്ഞതോടെ ജില്ലാ ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതി യുവാവിന് പോക്സോ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ കിളികൊല്ലൂർ പൊലീസ് 7ന് ബലാത്സംഗ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 8ന് രാവിലെ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ വാങ്ങി. അന്ന് വൈകിട്ട് പ്രിൻസിപ്പൽ സെഷൻ കോടതി കേസിൽ സ്വന്തം ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടു. ഈ വിവരം ലഭിച്ചിട്ടും രണ്ട് ദിവസങ്ങളിൽ തെളിവെടുപ്പെന്ന പേരിൽ നാടാകെ കൊണ്ടുനടന്ന് അപമാനിച്ചെന്നാണ് പരാതി. തെളിവെടുപ്പ് പൂർത്തിയാക്കി ഹാജരാക്കിയപ്പോൾ തന്നെ കോടതി യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.