പുനലൂർ: തിരുനെൽവേലി-പാലക്കാട് പാലരുവി ട്രെയിനിൽ യാത്ര ചെയ്ത ദമ്പതികളുടെ ബാഗിൽ നിന്ന് 14 പവൻ ആഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്വദേശി കണ്ണനെയാണ് റെയിൽവേ പൊലീസിലെ സ്പെഷ്യൽ ടീം കഴിഞ്ഞ ദിവസം പിടികൂടിയത്.
കഴിഞ്ഞ 2ന് പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ മഹാദേവിപുരത്ത് നിന്ന് ട്രെയിനിൽ കയറിയ സ്നേഹലിഗം, കാർത്ത്യായനി ദമ്പതികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. തെന്മല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടവിവരം ദമ്പതികൾ അറിയുന്നത്. തുടർന്ന് പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തെന്മലയിൽ നിന്ന് പിടികൂടിയത്. പുനലൂർ റെയിൽവേ പൊലീസിലെ എസ്.ഐ റോയി എബ്രഹാം, സി.പി.ഒമാരായ അരുൺമോഹൻ, മനു, കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.