കൊല്ലം: പെരുമൺ ക്ഷേത്രക്കടവിലെ ബോട്ട് ജെട്ടിയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് ആരംഭിക്കുന്നത് നീളുന്നു. ഈമാസം ആദ്യം ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന സർവീസിന് ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.
ബോട്ട് ജെട്ടിയുടെ പാറ കൊണ്ടുള്ള പാർശ്വഭിത്തി നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. അതിന് ശേഷം മുകൾഭാഗത്തെ കോൺക്രീറ്റിംഗ് പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം നടത്തുന്ന കരാർ കമ്പനി ചെയ്തുനൽകാമെന്ന് പറഞ്ഞിട്ടുണ്ട്. കോൺക്രീറ്റിംഗ് പൂർത്തിയാക്കി ഈമാസം 17 ഓടെ സർവീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ ആലോചന.
മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജങ്കാർ സർവീസ് ഒരു വർഷം മുമ്പ് നിലച്ചത് മുതൽ മൺറോത്തുരുത്തുകാർ കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലെത്താൻ കുണ്ടറ വഴി 25 കിലോമീറ്റർ അധികമായി ചുറ്റിക്കറങ്ങുകയാണ്.
ജങ്കാർ ഉടമയ്ക്ക് പ്രതിദിന നഷ്ടം 2000
കടവുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ പ്രതിസന്ധി
സർവീസ് ആരംഭിക്കുന്നത് വൈകുന്നതിനാൽ ജങ്കാർ ഉടമയ്ക്ക് പ്രതിദിനം രണ്ടായിരം രൂപയിലേറെ നഷ്ടം
എരമല്ലൂർ-കുടപുറം സർവീസിന് 2000 രൂപ പ്രതിദിന വാടകയ്ക്ക് നൽകിയിരുന്ന ജങ്കാറാണ് പെരുമണിലേക്ക് കൊണ്ടുവന്നത്
സർവീസ് ആരംഭിക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞമാസം 23നാണ് ജങ്കാർ കൊണ്ടുവന്നത്
ഇതിൽ ഒരേസമയം 25 യാത്രക്കാർക്ക് പുറമേ 20 ഇരുചക്രവാഹനങ്ങളും നാല് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും കയറ്റാം.
ഭാരശേഷി - 40 ടൺ
സർവീസ് - രാവിലെ 7 മുതൽ രത്രി 8 വരെ
ജീവനക്കാർ - 4 പേർ